രണ്ടാം ഡോസ് എടുക്കാത്തവരുടെ പട്ടിക തയ്യാറാക്കും

സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരുടെ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ആരോഗ്യവകുപ്പും ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ പരിശോധന നടത്തി വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി പട്ടിക തയ്യാറാക്കണം. ഇതു സംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ തദ്ദേശ വകുപ്പ് പുറത്തിറക്കി. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ ആളുകള്‍ വിമുഖത കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്.

വാര്‍ഡ് തലത്തില്‍ തദ്ദേശ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും. അതാത് പ്രദേശത്തെ ആശാ വര്‍ക്കര്‍മാര്‍ രണ്ടാം ഡോസ് എടുക്കാന്‍ ഉള്ളവരെ കണ്ടെത്തണം. ഇതനുസരിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണം. നഗര പ്രദേശത്ത് ഒരു വാര്‍ഡില്‍ ആശാ വര്‍ക്കര്‍മാര്‍ ഒന്നേ ഉള്ളുവെങ്കില്‍ ആവശ്യമനുസരിച്ച് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കും. തദ്ദേശ തലത്തില്‍ കോര്‍ ഗ്രൂപ്പുകള്‍ കൃത്യമായ വിലയിരുത്തല്‍ നടത്തി എല്ലാവരും വാക്‌സിന്‍ എടുത്തുവെന്ന് ഉറപ്പ് വരുത്തണം.

ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തവരുടെ പട്ടിക തയ്യാറാക്കി കോവിഷീല്‍ഡ് വാക്‌സിന്റെയും, കോവാക്‌സിന്റെയും രണ്ടാം ഡോസിനുള്ള സമയ പരിധി കണക്കാക്കി വേണം പട്ടികപ്പെടുത്താന്‍. കൊവിഷീല്‍ഡ് ഒന്നാം ഡോസ് എടുത്ത് 16 ആഴ്ച കഴിഞ്ഞവര്‍, 14 – 16 ആഴ്ചയ്ക്ക് ഇടയിലുള്ളവര്‍, 12 -14 ആഴ്ചയ്ക്ക് ഇടയിലുള്ളവര്‍ എന്നിങ്ങനെയും, കോവാക്‌സിന്‍ 6 ആഴ്ച കഴിഞ്ഞവര്‍, 5 – 6 ആഴ്ചയ്ക്കിടയിലുള്ളവര്‍, 4- 6 ആഴ്ചയ്ക്ക് ഇടയിലുള്ളവര്‍ എന്നിങ്ങനെയുമാണ് പട്ടിക തയ്യാറാക്കേണ്ടത്.

നിര്‍ബന്ധമായും എല്ലാവരും രണ്ട് ഡോസും എടുത്തുവെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ കോവിഡ് ചികിത്സ നല്‍കേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണം. അതേസമയം ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വേണ്ടെന്നാണ് തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *