കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവുമായുള്ള സാമ്യത്തിന്റെ പേരിൽ കുണ്ടറ സ്വദേശിയുടെ വീട് അജ്ഞാതർ അടിച്ചുതകർത്തു. ഷാജഹാൻ എന്നയാളുടെ വീടാണ് തകർത്തത്.പൊലീസ് തയാറാക്കിയ രേഖാചിത്രത്തിലെ സാമ്യത്തിന്റെ പേരിൽ ജിം ഷാജി എന്ന ഷാജഹാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. കുട്ടിയെ തിരിച്ചുകിട്ടിയതിന് പിന്നാലെയാണ് ഷാജഹാനാണ് കേസിലെ പ്രതിയെന്ന തരത്തിൽ ആരോപണമുണ്ടായത്. അറസ്റ്റിലായെന്നും ചിലർ പ്രചരിപ്പിച്ചു.
വ്യാജ പ്രചാരണം ഏറ്റുപിടിച്ചെത്തിയ ചിലർ ഷാജഹാന്റെ കല്ലമ്പലത്തെ വീട്ടിലെ ജനലുകളും വാതിലുകളും അടിച്ചുതകർക്കുകയായിരുന്നു.ഇതിനിടെ കുണ്ടറ പൊലീസ് സ്റ്റേഷനിൽ ഹാജരായ ഷാജഹാൻ തനിക്ക് കേസുമായി ബന്ധമില്ലെന്നും നിരപരാധിയാണെന്നും മൊഴി നൽകി. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയം ബന്ധുവിനൊപ്പം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നെന്നും ഷാജഹാൻ പറഞ്ഞു. മൊഴി പൊലീസ് രേഖപ്പടുത്തിയിട്ടുണ്ട്.














