ദുബൈ ജബല്‍അലിയില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു


ദുബൈ: ജബല്‍അലി തുറമുഖത്ത് ദുബൈ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. ഓപറേഷന്‍ ‘ഡബ്ള്‍ സ്ട്രൈക്ക്’ എന്നു പേരിട്ട പരിശോധനയില്‍ 3.28 കോടി മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്.


ഏഷ്യന്‍ രാജ്യത്തുനിന്ന് വന്ന ഭക്ഷണസാധനങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ചരക്കിനിടയില്‍ ഒളിപ്പിച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. മറ്റൊരു ഓപറേഷനില്‍ സ്മാര്‍ട്ട് കസ്റ്റംസ് അന്തര്‍വാഹിനികള്‍ ഉപയോഗിച്ച്‌ കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ ദേര വാര്‍ഫേജ് കസ്റ്റംസ് സെന്‍ററില്‍നിന്ന് 227 കിലോഗ്രാം ഭാരമുള്ള 12 ലക്ഷം കാപ്റ്റഗണ്‍ ഗുളികകളും പിടിച്ചെടുത്തു. ഏഷ്യന്‍ രാജ്യത്തുനിന്നുതന്നെയാണ് കാപ്റ്റഗണ്‍ ഗുളികകളും എത്തിച്ചത്.


മേഖലയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള മയക്കുമരുന്ന് എന്ന നിലയിലാണ് കാപ്റ്റഗണ്‍ ഗുളികകള്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം 45 ലക്ഷം കാപ്റ്റഗണ്‍ ക്യാപ്‌സ്യൂളുകളുമായി ഒരാള്‍ അബൂദബിയില്‍ പിടിയിലായിരുന്നു. ഫുഡ് കണ്ടെയ്‌നറുകള്‍ക്കുള്ളിലാക്കിയാണ് ഇയാള്‍ ഇവ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. യു.എ.ഇയില്‍ എത്തിച്ച ശേഷം ഇവ മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു പ്രതിയുടെ നീക്കമെന്ന് അബൂദബി പൊലീസിന്‍റെ ആന്‍റി നാര്‍കോട്ടിക് വിഭാഗം സ്ഥിരീകരിച്ചു.

മെഡിക്കല്‍ ആവശ്യത്തിനായി 1961ല്‍ കണ്ടെത്തിയ കാപ്റ്റഗണിന്‍റെ നിര്‍മാണം രണ്ടു പതിറ്റാണ്ട് മുമ്ബ് ഔദ്യോഗികമായി നിര്‍ത്തിയെങ്കിലും ഇതിന്‍റെ അനധികൃത നിര്‍മാണവും ദുരുപയോഗവും വന്‍തോതില്‍ തുടരുകയാണ്. മയക്കുമരുന്ന് അടക്കമുള്ള ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതോ ദുരുപയോഗം ചെയ്യുന്നതോ തടയുന്നതിന്‍റെ ഭാഗമായി സംശയം തോന്നുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം 3.2 കോടി ദിര്‍ഹം മൂല്യമുള്ള 111 കിലോ മയക്കുമരുന്ന് വില്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി ദുബൈ പൊലീസ് തകര്‍ത്തിരുന്നു.



Sharing is Caring