അല്‍ നിയാദിയെയും വഹിച്ച്‌ സ്പേസ് എക്സ് റോക്കറ്റ് വ്യാഴാഴ്ച പറന്നുയരുമെന്ന് ‘നാസ’


അറബ് ലോകത്തെ ആദ്യ ദീര്‍ഘകാല ബഹിരാകാശ ദൗത്യത്തിന് പുറപ്പെടുന്ന സുല്‍ത്താന്‍ അല്‍ നിയാദിയെയും വഹിച്ച്‌ സ്പേസ് എക്സ് റോക്കറ്റ് വ്യാഴാഴ്ച പറന്നുയരുമെന്ന് ‘നാസ’.
സമൂഹ മാധ്യമങ്ങള്‍ വഴിയാണ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. വിക്ഷേപണത്തിന് മുന്നോടിയായ അവലോകനം, കാലാവസ്ഥ പരിശോധന, മിഷന്‍ മാനേജ്മെന്‍റ് യോഗം എന്നിവ ചൊവ്വാഴ്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫ്ലോറിഡ കെന്നഡി ബഹിരാകാശ നിലയത്തില്‍നിന്ന് പ്രാദേശിക സമയം പുലര്‍ച്ച 12.34 (യു.എ.ഇ സമയം രാവിലെ 9.34) ആണ് റോക്കറ്റ് പറന്നുയരുക.


പറന്നുയരുന്നതിന് മിനുറ്റുകള്‍ക്കുമുമ്ബ് സാങ്കേതിക കാരണങ്ങളാല്‍ തിങ്കളാഴ്ച വിക്ഷേപണം നീട്ടിവെക്കുകയായിരുന്നു.
‘നാസ’യും സ്പേസ് എക്സ് ടീമും നടത്തിയ പരിശോധനയില്‍ ആദ്യ വിക്ഷേപണ ശ്രമം പരാജയപ്പെടാനുണ്ടായ കാരണം കണ്ടെത്തിയിട്ടുണ്ട്. ഇത് പരിഹരിച്ചാണ് പുതുക്കിയ സമയം നിശ്ചയിച്ചത്. അവസാന മിനിറ്റില്‍ വിക്ഷേപണം മുടങ്ങിയതിന് കാരണമായി അധികൃതര്‍ വിശദീകരിച്ചത് റോക്കറ്റ് എന്‍ജിനുകള്‍ ജ്വലിപ്പിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനത്തിലെ പിഴവാണ്. എന്‍ജിനുകള്‍ നേരത്തെ കൃത്യപ്പെടുത്തിയ സമയത്ത് പ്രവര്‍ത്തിച്ചുതുടങ്ങാന്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന സംവിധാനമാണ് ഒരുക്കാറുള്ളത്.


ട്രൈഎഥൈലാലുമിനിയം(ടി.ഇ.എ), ട്രൈഥൈല്‍ബോറേന്‍(ടി.ഇ.ബി) എന്നിവ സംയോജിപ്പിച്ച സംവിധാനമാണിത്. ഓക്സിജനുമായി സമ്ബര്‍ക്കം പുലര്‍ത്തുമ്ബോള്‍ സ്വയമേവ ജ്വലിക്കുകയും എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുകയുമാണിത് ചെയ്യുന്നത്. ഇതില്‍വന്ന പിഴവ് പരിഹരിച്ചാണ് പുതുക്കിയ സമയം പ്രഖ്യാപിച്ചത്. ‘നാസ’യുടെ മിഷന്‍ കമാന്‍ഡര്‍ സ്റ്റീഫന്‍ ബോവന്‍, പൈലറ്റ് വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ആന്‍ഡ്രേ ഫെഡ് യാവേവ് എന്നിവരാണ് അല്‍ നിയാദിക്കൊപ്പം ഭൂമിയില്‍നിന്ന് 400 കി.മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിക്കുന്നത്. ആറു മാസത്തെ ദൗത്യത്തില്‍ 250 ഗവേഷണ പരീക്ഷണങ്ങള്‍ സംഘം നടത്തും.

ഇവയില്‍ 20 പരീക്ഷണങ്ങള്‍ അല്‍ നിയാദി തന്നെയാണ് നിര്‍വഹിക്കുന്നത്. യാത്രയുടെ ആദ്യശ്രമം മുടങ്ങിയതില്‍ നിരാശയില്ലെന്നും സംഘാംഗങ്ങള്‍ എല്ലാവരും ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം ചൊവ്വാഴ്ച ട്വീറ്റ് ചെയ്തിരുന്നു. 2019 സെപ്റ്റംബര്‍ 25നാണ് ബഹിരാകാശത്തേക്ക് ആദ്യമായി യു.എ.ഇ പൗരന്‍ യാത്രതിരിച്ചത്. അല്‍ നിയാദിയുടെ സഹപ്രവര്‍ത്തകന്‍ കൂടിയായ ഹസ്സ അല്‍മന്‍സൂരിയാണ് എട്ടുദിവസത്തെ ദൗത്യം പൂര്‍ത്തീകരിച്ചത്. ഹസ്സയുടെ യാത്രക്ക് തടസ്സമുണ്ടായാല്‍ പകരം പോകാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു അന്ന് അല്‍ നിയാദി.



Sharing is Caring