കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്‍ തയ്യാറായി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്‍ തയ്യാറായി. കൃഷി, നിയമന്ത്രാലയം എന്നിവ ചേര്‍ന്നാണ് കരട് റിപ്പീല്‍ ബില്‍ തയ്യാറാക്കിയത്. കരട് ബില്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. ബില്‍ ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പാസാക്കും.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുന്ന നടപടികളില്‍ ഏറ്റവും പ്രധാനമാണ് റിപ്പീല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കാരണങ്ങള്‍ സഹിതം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ബില്‍ തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് ബില്ലുകളും ഒരുമിച്ചാകും പിന്‍വലിക്കുക. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുമ്പോള്‍ ആദ്യദിവസം ആദ്യബില്‍ ആയി തന്നെ അവതരിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

അതിനിടെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഇന്ന് കര്‍ഷക മഹാപഞ്ചായത്ത് ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ രാകേഷ് ടികായത് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.

താങ്ങുവില സംബന്ധിച്ച് നിയമപരിരക്ഷ ഉറപ്പാക്കണം. നിര്‍ദിഷ്ട വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കുക, സമരത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം,കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നത്തെ മഹാപഞ്ചായത്ത്. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷമുള്ള ആദ്യ പ്രതിഷേധ പരിപാടിയാണ് ലഖ്‌നൗവിലെ മഹാപഞ്ചായത്ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *