വടക്കാഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരത്തെ വ്യാപാര സ്ഥാപനത്തിലാണ് വന്‍ അഗ്‌നിബാധയുണ്ടായത്.
രാത്രി 7.30 ഓടെയാണ് കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ നിന്ന് തീ പടര്‍ന്നത്.സ്ഥാപനത്തിന്റെ മുകള്‍ നിലയാണ് പൂര്‍ണ്ണമായും കത്തിയമര്‍ന്നത്. തീ അതിവേഗം ആളിപടര്‍ന്നതോടെ ജീവനക്കാര്‍ പുറത്തേക്ക് ഇറങ്ങിയോടി. കെട്ടിടത്തിന്റെ ചില്ലു വാതിലുകളും,മറ്റും കനത്ത ചൂടില്‍ പൊട്ടിത്തെറിച്ചു.

വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരത്ത് താമസിക്കുന്ന പുത്തൂര്‍ വീട്ടില്‍ റീംസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
വടക്കാഞ്ചേരിയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും, നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അടുത്ത് ഉണ്ടായിരുന്നെങ്കിലും തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.













