വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായുള്ള തെരച്ചില്‍ അവസാനിപ്പിക്കുന്നു


വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായുള്ള തെരച്ചില്‍ അവസാനിപ്പിക്കുന്നു.119 പേരെയാണ് നിലവില്‍ കണ്ടെത്താനുള്ളത്.തെരച്ചില്‍ സംഘത്തില്‍ ആളുകളെ വെട്ടിക്കുറച്ചത് വിമർശനത്തിന് വഴി വച്ചിരുന്നു.


വയനാട്ടില്‍ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ജാഗ്രത തുടരുന്നുണ്ട്. അതേസമയം ക്യാമ്ബുകളില്‍ 97 കുടുംബങ്ങള്‍ തുടരുകയാണ്. ഇതുവരെ 630 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.


തെരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡല്‍ ഓഫീസർ വിഷ്ണുരാജ് മടങ്ങിയിട്ട് ഒരാഴ്ചയായി. സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചനും പൂട്ടിയിട്ട് ആഴ്ച ഒന്നാകുന്നു.

ദുരന്തമുഖത്ത് ഇപ്പോഴും ബാക്കിയുള്ള സേനാ വിഭാഗങ്ങള്‍ക്ക് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്.രണ്ടുദിവസം കൂടിയെ ഭക്ഷണം വേണ്ടിവരൂ എന്നാണ് അവർക്ക് കിട്ടിയ അറിയിപ്പ്. എന്നാല്‍ എൻഡിആർഎഫിന് റിലീവിങ് ഓർഡർ നല്‍കിയിട്ടുമില്ല.

ഡിഎൻഎഫലങ്ങള്‍ കിട്ടിത്തുടങ്ങി എന്ന് പലതവണ മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍ പറഞ്ഞിരുന്നുവെങ്കിലും, മൃതദേഹം തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയിട്ടില്ല.

ബന്ധുക്കളുടെ സാമ്ബിളുമായി ഒത്തു നോക്കിയുള്ള ഫലം വൈകുന്നു. കൂടുതല്‍ മൃതദേഹമോ ശരീരഭാഗങ്ങളോ കിട്ടിയ ചാലിയാർ തീരം, സൂചിപ്പാറ വനമേഖല എന്നിവിടങ്ങളിലും തെരച്ചില്‍ നിർത്തി.

എന്നാല്‍ തിരച്ചില്‍ നിർത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല. ചൂരല്‍ മലയിലെ വ്യാപാരസ്ഥാപനങ്ങള്‍ വൃത്തിയാക്കുന്നതാണ് ഇപ്പോള്‍ സജീവമായി നടക്കുന്നത്. അവർക്കുള്ള ഭക്ഷണം അടക്കം ഒരുക്കുന്നത് വ്യാപാരികള്‍.

ആദ്യത്തെ രണ്ടാഴ്ച സജീവമായിരുന്ന മന്ത്രിസഭ ഉപസമിതിയിലെ അംഗങ്ങള്‍ ഓഗസ്റ്റ് 15ന് ശേഷം ജില്ലയിലെ ദുരന്തബാധിത പ്രദേശത്ത് എത്തിയിട്ടും ഇല്ല. താല്‍ക്കാലിക പുനരധിവാസം ഇനിയും പൂർത്തിയാക്കാൻ ഉണ്ട്. സ്കൂളുകള്‍ തുറക്കാനും വൈകുന്നു. തീർപ്പും വേണ്ട ഒരുപാട് വിഷയങ്ങള്‍ അനന്തമായി നീളുകയാണ്.



Sharing is Caring