ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഇറാന് മേല്‍ ഉപരോധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി അമേരിക്ക

ഇസ്രായേലിനെതിരെ നടത്തിയ ഏകപക്ഷീയമായ ആക്രമണത്തിന് പിന്നാലെ ഇറാന് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏർപ്പെടുത്താനുള്ള നീക്കവുമായി അമേരിക്ക.ഉപരോധം ഏർപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും, സഖ്യകക്ഷികളും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്ക അറിയിച്ചു.

ഇറാനെതിരെയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ സൂചിപ്പിച്ചിരുന്നു. പിന്നാലെയാണ് ഇക്കാര്യം ഉറപ്പാക്കിക്കൊണ്ട് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെ പ്രഖ്യാപനം എത്തിയത്. സാമ്ബത്തിക ഉപരോധം ഏർപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്നാണ് വിവരം.

ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി കുറയ്‌ക്കാനുള്ള നീക്കങ്ങളും അമേരിക്കയുടെ ഭാഗത്ത് നിന്ന് തുടങ്ങിയിട്ടുണ്ട്.ഭീകരസംഘടനയായ ഹമാസിന് ഇറാൻ സഹായങ്ങള്‍ കൈമാറുന്നതിനേയും അമേരിക്ക വിമർശിച്ചിരുന്നു.

ഇറാൻ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങള്‍ ഒരു മേഖലയുടെ സ്ഥിരതയ്‌ക്ക് ഭീഷണിയാണെന്നും, ഇത്തരത്തിലുള്ള ദുഷിച്ച പ്രവർത്തനങ്ങള്‍ അംഗീകരിക്കില്ലെന്നുമാണ് ജേക്ക് സള്ളിവൻ അറിയിച്ചത്. തീവ്രവാദികള്‍ക്കുള്ള ധനസഹായം കൈമാറുന്നത് തടയാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജേക്ക് പറയുന്നു.

ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തെ യുഎസ് സൈന്യവും ശക്തമായി പ്രതിരോധിച്ചിരുന്നു. 80ലധികം ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളും സൈന്യം തടഞ്ഞതായി അധികൃതർ പ്രസ്താവന ഇറക്കിയിരുന്നു.

സൈനിക കേന്ദ്രങ്ങളില്‍ സംഭവിച്ച നഷ്ടം വിലയിരുത്തിയ ശേഷം കരുതലോടെ മാത്രം മുന്നോട്ട് നീങ്ങണമെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേലിനെ അറിയിച്ചത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ശക്തമാക്കുമെന്ന് ഇസ്രായേലും അമേരിക്കയും അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *