61മത് കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി. 3 ദിവസങ്ങളിലായി ചേരുന്ന സമ്മേളനം സംസ്ഥാന കൗണ്‍സിലോടെ ആരംഭിച്ചു.വൈകീട്ട് കടപ്പുറത്ത് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പതാക ഉയർന്നു.
പ്രതിനിധി സമ്മേളനനഗറില്‍ സംസ്ഥാന പ്രസി. എം വി ശശിധരൻ പതാക ഉയർത്തി. സംസ്ഥാന കൗണ്‍സില്‍ യോഗം പുതിയ കൗണ്‍സില്‍, ഭാരവാഹികള്‍ എന്നിവരെ തെരഞ്ഞെടുക്കും. ജീവനക്കാരുടെ പ്രകടനം ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടില്‍ നിന്ന് 4 ന് ആരംഭിച്ച് കടപ്പുറത്തെ ഫ്രീഡം സ്ക്വയില്‍ സമാപിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി എം എ അജിത് കുമാർ അറിയിച്ചു.നാളെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർക്കായസ്‌ത ഉദ്ഘാടനം ചെയ്യും.

302 വനിതകള്‍ ഉള്‍പ്പടെ 931 പേർ 23, 24 തിയതികളില്‍ ചേരുന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. ഫെഡറലിസം തകർത്ത് കേന്ദ്ര സർക്കാർ, പ്രതിരോധം തീർത്ത് കേരളം എന്ന വിഷയത്തില്‍ മന്ത്രി കെ എൻ ബാലഗോപാല്‍ പ്രഭാഷണം നടത്തും. നവകേരളവും സിവില്‍ സർവീസിൻ്റെ നവീകരണവും സെമിനാർ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.













