അഞ്ചരമാസം മുമ്പ് ശേഖരിച്ച നെല്ലിന്റെ 360 കോടി ഇപ്പോഴും കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല തുറന്നടിച്ച് കൃഷ്ണപ്രസാദ്


താന്‍ നല്‍കിയ നെല്ലിന് ബാങ്കില്‍ നിന്നും വായ്പയായാണ് ജൂലൈ മാസത്തില്‍ പണം കിട്ടിയതെന്ന് വ്യക്തമാക്കി നടന്‍ കൃ്ഷ്ണപ്രസാദ്. തന്റെ സുഹൃത്തും നടനുമായ ജയസൂര്യ മന്ത്രിമാരെ വേദയിലിരുത്തി പറഞ്ഞതെല്ലാം ശരിയാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. ആയിരക്കണക്കിന് കര്‍ഷകര്‍ക്കാണ് ഇനിയും നെല്ലിന് പണം കിട്ടാതിരിക്കുന്നത്. തനിക്ക് പണം കിട്ടിയില്ലന്ന് പറഞ്ഞല്ല സമരം ചെയ്തതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.തനിക്ക് പണം നല്‍കിയതിന്റെ രേഖ തപ്പിയെടുക്കാന്‍ കാണിച്ച ഉല്‍സാഹം കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ കാട്ടണമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.


കര്‍ഷകര്‍ വലിയ വേദനയിലും പ്രതിഷേധത്തിലുമാണ്. കഴിഞ്ഞ വര്‍ഷം നിരണത്ത് ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ആരും കാര്‍ഷിക മേഖലയിലേക്ക് വരുന്നില്ല. അതിന് അവര്‍ക്ക് വേണ്ട സഹായം നല്‍കണം . ഇതുവരെ ഇവിടെ കര്‍ഷക കൂട്ടായ്മകള്‍ ഉണ്ടായിരുന്നില്ല. ഇത്തവണ താന്‍ അത്തരമൊരു കൂട്ടായ്മയില്‍ പോയപ്പോള്‍ നടനെന്ന നിലയില്‍ പരിഗണന കിട്ടി. ജയസൂര്യ പറഞ്ഞത് കൊണ്ടാണ് വിഷയം ചര്‍ച്ചയായതെന്നും തന്നെ അറിയുന്നത് കൊണ്ടാണ് അദ്ദേഹം തന്റെ പേര് പറഞ്ഞതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. ആയിരക്കണക്കിന് കര്‍ഷകരില്‍ ഒരാള്‍ മാത്രമാണ് താന്‍. എന്റെ പണം തന്നാല്‍ എല്ലാ പ്രശ്‌നങ്ങളും തീരില്ലെന്നും അദ്ദേഹം പറഞ്ഞു.


അഞ്ചര മാസം മുന്‍പ് ശേഖരിച്ച നെല്ലിന്റെ പണം ഏതാണ്ട് 360 കോടി രൂപ വരും. 25000 പേര്‍ക്ക് കിട്ടാനുള്ള പണമാണത്. തനിക്കോ തന്നെപ്പോലുള്ള ഒന്നോ രണ്ടോ പേര്‍ക്കോ വേണ്ടിയല്ല കിട്ടാനുള്ളവര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. കാറ്റും മഴയും പ്രളയവും അതിജീവിച്ച് നെല്ലുണ്ടാക്കുമ്പോള്‍ സര്‍ക്കാരാണ് അവര്‍ക്ക് ആശ്വാസം നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം വരെ ഒരു മാസത്തിനുള്ളില്‍ പണം കിട്ടിയിരുന്നു. ഇത്തവണയാണ് അഞ്ചര മാസം വൈകിയത്.

വിവാദമായ ശേഷം മന്ത്രിയുടെ പിഎസ് തന്നെ വിളിച്ചിരുന്നുവെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.വായ്പയായാണ് ബാങ്കില്‍ നിന്ന് തനിക്ക് പണം നല്‍കിയത്. കര്‍ഷകരില്‍ 90 ശതമാനവും വിദ്യാഭ്യാസമുള്ളവരല്ല. അവര്‍ പറയുന്നിടത്ത് ഒപ്പിടും. വായ്പയായാണ് പണം കിട്ടുന്നതെന്ന് പലര്‍ക്കും അറിയില്ല.താന്‍ ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ല. കര്‍ഷകരില്‍ കൂടുതലും ഇടതുപക്ഷക്കാരാണ്. ഇടതുപക്ഷം ഭരിക്കുമ്പോഴാണ് കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ കൂടുതല്‍ ലഭിച്ചിരുന്നത്.

കേന്ദ്ര സര്‍ക്കാരില്‍ നിന്നും പണം വാങ്ങിയെടുക്കേണ്ടത് കര്‍ഷകരല്ല. അത് സര്‍ക്കാരാണ്. ഇന്നലെയാണ് പറയുന്നത് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം കിട്ടിയിട്ടില്ലന്ന്.ജയസൂര്യ പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് വേണ്ടിയാണ് സംസാരിച്ചത്. അതിലെ യാഥാര്‍ത്ഥ്യ ബോധം മനസിലാക്കണമെന്നും ല്ലാതെ അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം നടത്തുകയല്ല വേണ്ടതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.



Sharing is Caring