35 ലക്ഷത്തിന് കണക്കില്ല: എം.ടി.രമേശിനെതിരെ പാര്‍ട്ടി അന്വേഷണം

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിനെതിരെ പാര്‍ട്ടി അന്വേഷണം. തിരഞ്ഞെടുപ്പ് ചിലവിന് അനുവദിച്ച തുകയില്‍ 35 ലക്ഷം രൂപ ചിലവഴിച്ചതിന്റെ കണക്ക് ഹാജരാക്കിയില്ല എന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ചപ്പോഴത്തെ കണക്കാണ് ഹാജരാക്കാത്തത്. ബിജെപി കേന്ദ്രനേതൃത്വം 87 ലക്ഷം രൂപയാണ് സ്ഥാനാര്‍ഥിക്ക് ചിലവിനായി നല്‍കിയത്. ഇതില്‍ 35 ലക്ഷം രൂപ ചിലവഴിച്ചതിന്റെ കണക്കാണ് നല്‍കാത്തത്.
ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന ടി ആര്‍ അജിത്കുമാറിനേയും അന്വേഷണ സമിതി വിളിച്ചുവരുത്തും. കണക്ക് കൊടുക്കാത്തത് അന്വേഷിക്കാന്‍ തീരുമാനിച്ചതോടെ പണം തിരികെ നല്‍കാമെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ബിജെപിയും ആര്‍എസ്‌എസ്സും സംയുക്തമായാണ് അന്വേഷിക്കുന്നത്. മെഡിക്കല്‍ കോളജ് അഴിമതി സംബന്ധിച്ച പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടില്‍ എംടി രമേശിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. തന്നെ മനപൂര്‍വ്വം തേജോവധം ചെയ്യാനുള്ള ശ്രമമാണ് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ നടത്തുന്നതെന്ന് ആരോപിച്ച പാര്‍ട്ടി കോര്‍കമ്മിറ്റി യോഗത്തില്‍ എം.ടി രമേശ് പൊട്ടിക്കരഞ്ഞത് വാര്‍ത്തയായിരുന്നു.
അതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു പരാതിയിലും പാര്‍ട്ടി തന്നെ അന്വേഷണം നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്മുളയിലെ സ്ഥാനാര്‍ഥിയും എം ടി രമേശ് തന്നെയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *