2023ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍


2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനും 2021ലെ ഐ.സി.സി ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനും ഇന്ത്യ വേദിയാകും. ബി.സി.സി.ഐ പ്രത്യേക ജനറല്‍ ബോഡി യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ചരിത്രത്തിലാദ്യമായി ഇന്ത്യ ഒറ്റയ്ക്കാണ് 2023ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നത്. നേരത്തെ 1987, 1996, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ വേദിയായിരുന്നെങ്കിലും അന്ന് പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ സഹ ആതിഥേയത്വം വഹിച്ചത്. നാലാം തവണയാണ് ഇന്ത്യ ലോക മാമാങ്കത്തിന് വേദിയാകാന്‍ ഒരുങ്ങുന്നത്.
2019-20 വര്‍ഷത്തില്‍ അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റും ഇന്ത്യയിലാണ് അരങ്ങേറുന്നത്. ഐ.സി.സിയില്‍ മുഴുവന്‍ സമയ അംഗമായി ടെസ്റ്റ് പദവി സ്വന്തമാക്കിയ ശേഷമുള്ള അഫ്ഗാന്റെ ആദ്യ ടെസ്റ്റിനാണ് ഇന്ത്യ വേദിയൊരുക്കുന്നത്. ആസ്‌ത്രേലിയയുമായാണ് അഫ്ഗാന്റെ കന്നി ടെസ്റ്റ് പോരാട്ടം. നേരത്തെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അയര്‍ലന്‍ഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടെസ്റ്റിന് ഗ്രെയ്റ്റര്‍ നോയ്ഡ വേദിയായിരുന്നു. 2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം 81 ഹോം മത്സരങ്ങള്‍ കളിക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.




Sharing is Caring