ഭഗത് സിം​ഗിന്റെ വധശിക്ഷ അനുകരിച്ച 12 വയസ്സുകാരൻ മരിച്ചു

കർണാടക: സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിം​ഗിന്റെ വധശിക്ഷ അനുകരിച്ച 12 വയസ്സുകാരൻ മരിച്ചു. കർണാടകയിലെ ചിത്രദുർ​ഗയിലാണ് സംഭവം. സ്കൂളിലെ പരിപാടിയിൽ അവതരിപ്പിക്കാനായുള്ള പരിപാടിയുടെ റിഹേഴ്സൽ വീട്ടിൽ വെച്ച് ചെയ്ത 12കാരനായ സഞ്ജയ് ​ഗൗഡയാണ് അബദ്ധത്തിൽ കഴുത്തിൽ കയർ മുറുകി മരിച്ചത്. സഞ്ജയ് ഗൗഡ വീട്ടിൽ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളായ നാഗരാജും ഭാഗ്യലക്ഷ്മിയും ന​ഗരത്തിൽ വീടിനോട് ചേർന്ന് ഭക്ഷണശാല നടത്തുകയാണ്. ഇരുവരും രാത്രി ഒമ്പത് മണിയോടെ മടങ്ങിയപ്പോഴാണ് ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടതെന്ന് ബദവനെ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ ആർ ഗീതമ്മ പറഞ്ഞു.

വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സീലിംഗ് ഫാനിലാണ് കുട്ടി തൂങ്ങിയത്. സഞ്ജയിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലൻ കയറുകൊണ്ട് കുരുക്കുണ്ടാക്കി ഭഗത് സിംഗിനെ തൂക്കിലേറ്റിയത് അനുകരിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാജ്യോത്സവ ആഘോഷത്തോടനുബന്ധിച്ച് സ്‌കൂൾ സാംസ്‌കാരിക പരിപാടിക്ക് വേണ്ടിയുള്ള നാടകത്തിൽ ഭഗത് സിം​ഗിനെ അവതരിപ്പിക്കാനിരിക്കുകയായിരുന്നു കുട്ടിയെന്ന് പിതാവ് നാഗരാജ് പരാതിയിൽ പറഞ്ഞു. കുട്ടിയുടെ മരണത്തിൽ സ്കൂളും അനുശോചനം രേഖപ്പെടുത്തി. എസ്‌എൽവി ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്നു കുട്ടി.

ഭഗത് സിങ്ങിന്റെ വേഷം ചെയ്യാൻ ഒരു വിദ്യാർത്ഥിയോടും സ്കൂൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനാധ്യാപകൻ കെ ടി കൊട്രേഷ് പറഞ്ഞു. കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഫാൻസി ഡ്രസ് മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് കന്നഡയുടെ വികസനത്തിനും സമ്പന്നമായ സംസ്‌കാരത്തിനും പൈതൃകത്തിനും സംഭാവന നൽകിയ പ്രമുഖ വ്യക്തികളുടെ വേഷം അവതരിപ്പിക്കാമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ മൂത്ത സഹോദരി മൊറാർജി ദേശായി ഹോസ്റ്റലിലാണ് താമസിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *