പീരുമേട്ടിലെ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്


ഇടുക്കി പീരുമേട്ടിലെ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കാട്ടാന ആക്രമണത്തിൽ അല്ല സീത കൊല്ലപ്പെട്ടതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സീതയുടെ ഭർത്താവ് ബിനു പൊലീസിന്റെ നിരീക്ഷണത്തിൽ.കൊല്ലപ്പെട്ട സീത ക്രൂരമായ മർദനത്തിനിരയായിരുന്നു.


കല്ല് കൊണ്ടുള്ള മർദനത്തിൽ തലയ്ക്കു സാരമായ പരുക്കേറ്റിട്ടിട്ടുണ്ട്. സീതയുടെ തല പാറയിൽ ഇടിച്ചതിന്റ പാടുകളും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. സീതയുടെ മൂന്ന് വാരിയെല്ലുകളാണ് മർദനത്തിൽ ഒടിഞ്ഞതായി കണ്ടെത്തിയിട്ടുള്ളത്.


ഇവ ശ്വാസ കോശത്തിൽ തുളഞ്ഞ് കയറുകയും ചെയ്തിരുന്നു. മർദിച്ച് അവശയാക്കിയ സീതയെ വലിച്ചിഴച്ചിരുന്നുവെന്നും കണ്ടെത്തി.പ്രാഥമികമായി ഭർത്താവ് ബിനു തന്നെയാണ് സീതയെ മർദിച്ചതെന്നാണ് നിഗമനം. ബിനുവിനൊപ്പമാണ് സീത വനത്തിലേക്ക് പോയിരുന്നത്. ഒറ്റയാനാണ് തന്റെ ഭാര്യയെ കൊന്നതെന്നാണ് ബിനു പൊലീസിനോട് ആവർത്തിച്ച് പറയുന്നത്.

എന്തിനുവേണ്ടിയാണ് കൊലപാതകം ചെയ്തത് എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. സീതയുടെ മൃതദേഹം സാംസ്കാരിക്കാനായി ബന്ധുക്കൾക്കൊപ്പം പോയിരിക്കുകയാണ് ഇപ്പോൾ ബിനു.എന്നാൽ സീതയുടെ മരണം കാട്ടാനയാക്രമണത്തിൽ അല്ലെന്ന് ഇന്നലെ തന്നെ സംശയിച്ചിരുന്നുവെന്ന് കോട്ടയം ഡി എഫ് ഒ എൻ രാജേഷ് പറഞ്ഞു.

സീത കാട്ടാന ആക്രമണം നേരിട്ടതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. മരണത്തിൽ കൃത്യമായ പരിശോധന വേണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലത്തും കാട്ടാന എത്തിയതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഡി എഫ് ഒ വ്യക്തമാക്കി.



Sharing is Caring