കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഇന്ന് ചുമതലയേല്‍ക്കും


കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഇന്ന് ചുമതലയേല്‍ക്കും. ഇന്ത്യ-പാക് സംഘര്‍ഷ സാഹചര്യത്തില്‍ കെ.പി.സി.സി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കുന്ന ലളിതമായ ചടങ്ങുകളോടെ ആയിരിക്കും ചുമതല ഏറ്റെടുക്കല്‍.കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എം.എല്‍.എ, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, ഷാഫി പറമ്ബില്‍ എം.പി എന്നിവരും യു.ഡി.എഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എം.പിയും ഇന്ന് ചുമതലയേല്‍ക്കും.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണികള്‍ നടത്തുന്നത്. മുതിർന്ന തേതാക്കള്‍ ഉള്‍പ്പെടെ കെ. സുധാകരൻ അധ്യക്ഷനായി തുടരണമെന്ന് ആവശ്യവുമായി രംഗത്തുവന്നെങ്കിലും നേതൃമാറ്റമെന്ന തീരുമാനവുമായി എ.ഐ.സി.സി മുന്നോട്ടുപോകുകയായിരുന്നു.


നിലവിലെ യു.ഡി.എഫ് കണ്‍വീനറായ എം.എം. ഹസ്സൻ, വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍. പ്രതാപന്‍, ടി. സിദ്ധീഖ് എന്നിവരെ പദവിയില്‍നിന്ന് നീക്കിയാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസിന് കിട്ടിക്കൊണ്ടിരുന്ന കത്തോലിക്കാ വോട്ടുകള്‍ ബി.ജെ.പി ചോർത്തുകയും എ.കെ. ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും പോലൊരു ക്രിസ്ത്യൻ നേതാവ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത് ഇല്ലാതിരിക്കുകയും ചെയ്തതാണ് കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് ക്രിസ്ത്യൻ സമുദായത്തില്‍ നിന്നുള്ള നേതാവിനെ കൊണ്ടുവരുന്നതിന് വഴിവെച്ചത്.

രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എ.ഐ.സി.സി ഭാരവാഹികള്‍, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍മാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കും.



Sharing is Caring