
പാരീസ്: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ഫ്രാൻസിൽ നടന്ന പ്രക്ഷോഭത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 100 പൊലീസുകാർക്ക് പരിക്ക്. കഴിഞ്ഞ മാസം നടപ്പാക്കിയ പുതിയ പെൻഷൻ നിയമത്തിനെതിരെയാണ് ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പെൻഷൻ നിയമം നടപ്പാക്കിയ ഫ്രഞ്ച് ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തിൽ 1,12,000 പേർ പങ്കാളികളായി. രാജ്യത്ത് ഉടനീളം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 291 പേരെ കസ്റ്റഡിയിലെടുത്തു. പാരീസിൽ മാത്രം 90 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ പൊലീസും പ്രക്ഷോഭകാരികളും ഏറ്റുമുട്ടി. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

ജനകീയ പ്രക്ഷോഭങ്ങൾക്കെതിരെ രൂക്ഷമായ രീതിയിലാണ് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോർനെ പ്രതികരിച്ചത്. അക്രമങ്ങളും പ്രക്ഷോഭങ്ങളും അംഗീകരിക്കാനാവില്ലെന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.പെൻഷൻ പ്രായം 62ൽ നിന്ന് 64ലേക്ക് ഉയർത്തിയ സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനമാണ് രാജ്യത്ത് ഉയരുന്നത്. പെൻഷൻ പ്രായം ഉയർത്തിയ നടപടി പിൻവലിക്കണമെന്നാണ് വിവിധ തൊഴിലാളി സംഘടനകളുടെ ആവശ്യം.
