ഹൗഡി മോദിക്ക് ശേഷം നരേന്ദ്ര മോദി ന്യൂയോര്‍ക്കിലെത്തി,ഇനി ഐക്യരാഷ്ട്രസഭയില്‍

ഹൂസ്റ്റണ്‍: ചരിത്രപരമായ ഹ്യൂസ്റ്റണ്‍ സന്ദര്‍ശനത്തിന് ശേഷം ഐക്യരാഷ്ട്ര പൊതുസഭയെ (യുഎന്‍ജിഎ) അഭിസംബോധന ചെയ്യുന്നതിനും മറ്റ് ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കിലെത്തി. ടെക്‌സാസിന് വിടയെന്ന് ഹൂസ്റ്റണ്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഹൗഡി മോദി ഷോയില്‍ മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭീകരതയ്ക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞയെടുത്തു. ലോകത്തെമ്ബാടുമുള്ള ഇന്ത്യക്കാരോട് പ്രതിവര്‍ഷം അഞ്ച് ഇന്ത്യന്‍ ഇതര കുടുംബങ്ങളെങ്കിലും വിനോദസഞ്ചാരികളായി ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് ഷോയില്‍ മോദി അഭ്യര്‍ഥിച്ചു.

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം നല്‍കുന്ന സ്വീകരണ പരിപാടിയായ ഹൗഡി മോദിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവേശ്വോജ്വല സ്വീകരണമാണ് ലഭിച്ചത്. ചടങ്ങ് നടക്കുന്ന എന്‍ആര്‍ജി സ്റ്റേഡിയത്തിന്റെ വേദിയിലേക്ക് ആര്‍പ്പുവിളികളോടെ പ്രധാനമന്ത്രിയെ ഇന്ത്യന്‍ സമൂഹം വരവേറ്റു. സ്റ്റേഡിയത്തില്‍ ഭാരത് മാതായ കീ ജയ് വിളികളും മുഴങ്ങിക്കേട്ടിരുന്നു. മോദി എത്തുന്നതിന് മുമ്ബ് തന്നെ എന്‍ആര്‍ജി സ്റ്റേഡിയം നിറഞ്ഞിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അരലക്ഷത്തോളം ഇന്ത്യക്കാരാണ് ഹൗഡി മോദിയില്‍ പങ്കെടുക്കാന്‍ എത്തിയത്. അതിഥികള്‍ വേദിയിലേക്ക് എത്തുന്നതിന് മുമ്ബായി രാജ്യത്തിന്റെ വൈവിധ്യവും സംസ്‌കാരത്തനിമയും വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികള്‍ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ അരങ്ങേറി. 400ഓളം കലാകാരന്മാരാണ് പരിപാടിയില്‍ അണിനിരന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *