അതിഭീമമായി വര്‍ദ്ധിക്കുന്ന ചികിത്സാചെലവ് കുറയ്ക്കാന്‍ സംസ്ഥാനത്ത് ജനറിക് മരുന്നുകള്‍ വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘ആര്‍ദ്രം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കിടത്തിച്ചികിത്സയിലുള്ളവര്‍ക്ക് മരുന്ന് ആശുപത്രിയില്‍ തന്നെ ലഭ്യമാക്കും. തുടര്‍ചികിത്സ നടത്തുന്നവര്‍ക്ക് വലിയ ചെലവുള്ള മരുന്ന് വാങ്ങേണ്ടിവരുന്നുണ്ട്. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന മരുന്നുകളേക്കാള്‍ വിലകുറച്ച് ലഭിക്കുന്ന ജനറിക് മരുന്നുകള്‍ ഇതിനായി വ്യാപകമാക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ന്യായമായ രീതിയില്‍ മരുന്ന് ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് തോന്നിയപോലെ ചെലവ് ഈടാക്കുന്ന കാര്യത്തില്‍ ക്രമീകരണം ഉണ്ടാക്കും.

ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആദ്യ വര്‍ഷം 171 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ എല്ലാ സൗകര്യത്തോടും കൂടിയ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. 14 ജില്ലാ ആശുപത്രികളും സ്പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രികളാക്കും. 79 താലൂക്ക് ആശുപത്രികളില്‍ ആവശ്യമായ സ്പെഷ്യാലിറ്റി സൗകര്യവും 44 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സൗകര്യവും ഒരുക്കും. ജില്ലാ ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയകള്‍, കാര്‍ഡിയോളജി, നെഫ്രോളജി, യൂറോളജി തുടങ്ങിയ സ്പെഷ്യാലിറ്റി സൗകര്യമൊരുക്കുമെന്നും ആര്‍ദ്രം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 20ന് നടക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ഇ. ചന്ദ്രശേഖരന്, രാമചന്ദ്രന് കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എം. റംലാബീവി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്. രമേഷ്, അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.













