ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ചർച്ചയല്ല ആക്ഷനാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. നാലര വർഷം റിപ്പോർട്ടിന്മേല്‍ അടയിരുന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.മന്ത്രി സജി ചെറിയാൻ്റേത് മുടന്തൻ ന്യായങ്ങളാണ്. ഇരകള്‍ക്ക് കോടതിയുടെ സംരക്ഷണമുള്ളതിനാല്‍ പൊലീസിന് കേസെടുക്കാം.
വാതിലില്‍ മുട്ടുന്ന വിദ്വാൻമാരെ ജനമറിയട്ടെ.സ്ക്രീനില്‍ തിളങ്ങുന്നവരുടെ യഥാർത്ഥ മുഖം ജനം മനസിലാക്കണം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസെടുത്തതിനാല്‍ നടിയുടെ അവസരം നഷ്ടമായിട്ടില്ലല്ലോ എന്നും കെ മുരളീധരൻ പറഞ്ഞു. സാങ്കേതികത്വം പറഞ്ഞ് കേസെടുക്കുന്നതില്‍ നിന്ന് സർക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് വൈകിച്ചതിനാല്‍ മുഖ്യമന്ത്രി കുറ്റക്കാർക്കൊപ്പമാണെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഓഗസ്റ്റ് 19ന് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോർട്ടില്‍ പരാമർശിക്കുന്നുണ്ട്. സിനിമാ മേഖലയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് റിപ്പോർട്ട് പറഞ്ഞുവെക്കുന്നത്.













