തിരുവനന്തപുരം:ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാലും,ഹെല്‍മെറ്റ് ഇല്ലാത്തവരെ പുറകെ ഇരുത്തിയാലും വന്‍ തുക പിഴ ഈടാക്കിക്കാനുള്ള നിയമം വരുന്നു.നിലവില്‍ ഹെല്‍മെറ്റില്ലാത്ത ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് 100 രൂപയാണ് പിഴ ഈടാക്കുന്നത്.കഴിഞ്ഞ ദിവസം പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ഗതാഗത സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയതിനു തൊട്ടു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ഉയര്‍ത്തുന്ന കാര്യം ആലോചിക്കുന്നത്.
എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിലെയും പൊലീസിലേയും ഉന്നത ഉദ്യോഗസ്ഥരും മന്ത്രി എ.കെ ശശീന്ദ്രനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പുതിയ ചട്ടം നടപ്പാക്കുന്നത് ഒരു മാസത്തേക്ക് നീട്ടി വയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്.ഈ കാലയളവില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ബോധവല്‍ക്കണം നല്‍കും.

ഹെല്‍മെറ്റില്ലാത്ത കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ 100 രൂപ അടിസ്ഥാന പിഴ ഈടാക്കും.ഇത് ഹെല്‍മെറ്റ് ഇല്ല എന്ന കുറ്റത്തിനു മാത്രം. ഇതേ ആളിനു തന്നെ അപകടകരമായ വാഹനം ഓടിക്കല്‍ വ്യവസ്ഥ ചുമത്തി 1000 രൂപ കൂടി പിഴയിടാം. ഒപ്പം നിയമലംഘനത്തിനുള്ള 500 രൂപ പിഴയും ചുമത്താം .മൂന്നും കൂടി ചേര്‍ത്തുള്ള 1600 രൂപ ഈടാക്കും













