ഹാഥ്റസ് ബലാത്സംഗക്കേസ്:പ്രതികളുടെ കത്തില്‍ പറയുന്ന കാര്യങ്ങള്‍ നുണയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം

ഹാഥ്റസ് ബലാത്സംഗക്കേസിലെ പ്രതികളുടെ കത്തില്‍ പറയുന്ന കാര്യങ്ങള്‍ നുണയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം. കുടുംബത്തെ മോശമായി ചിത്രീകരിക്കാനാണ് കത്ത് എഴുതിയതെന്നും പ്രതി സന്ദീപ് പെൺകുട്ടിയെ മാസങ്ങളോളം ശല്ല്യപ്പെടുത്തിയെന്നും കുടുംബം പ്രതികരിച്ചു. കുടുംബത്തിന് പുറമെ ഗ്രാമത്തിലെ 40 പേരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു.

നിരപരാധികളാണെന്ന് കാണിച്ച് ഹാഥ്റസ് കേസിലെ പ്രതികള്‍ ഇന്നലെയാണ് ജയില്‍ സൂപ്രണ്ടിനും അന്വേഷണ സംഘത്തിനും കത്തയച്ചത്. പെണ്‍കുട്ടിയുമായി പരിചയമുണ്ടെന്നും ഫോണില്‍ സംസാരിക്കാറുണ്ടെന്നും പ്രതികളിലൊരാളായ സന്ദീപ് കത്തില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ മർദ്ദിച്ചത് കുടുംബമാണെന്നും മരണത്തിന് ഉത്തരവാദികള്‍ കുടുംബമാണെന്നും കത്തിലുണ്ടായിരുന്നു.നേരത്തെ ബിജെപി ജനപ്രതിനിധികളും സമാന പ്രതികരണം നടത്തിയിരുന്നു. കത്ത് തങ്ങളെ മോശമായി ചിത്രീകരിക്കാനാണെന്ന് കുടുംബം പ്രതികരിച്ചു. പെൺകുട്ടിക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ല. പ്രതിയുമായി ഫോണിൽ സംസാരിച്ചു എന്ന് പറയുന്നത് തെറ്റാണ്. പെൺകുട്ടിയെ സഹോദരൻ മർദ്ദിച്ചു എന്നതും കള്ളമാണെന്നും നീതി ലഭ്യമാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
നിയമവിരുദ്ധ തടങ്കലിലാണെന്ന് കാണിച്ച് കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളിയതിനാല്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. യു.എ.പി.എ പ്രകാരം യു.പി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവ൪ത്തകൻ സിദ്ധീഖ് കാപ്പന്‍റെ മോചനം ആവശ്യപ്പെട്ട് കെ.യു.ഡബ്യൂ.ജെ സമ൪പ്പിച്ച ഹരജിയും തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. അതേസമയം ഹഥ്റാസ് കേസില്‍ പ്രത്യേക സംഘം കുടുംബത്തിന് പുറമെ ഗ്രാമത്തിലെ 40 പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *