ഹാഥ്റസ് പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാതെ സംസ്കരിച്ചത് ന്യായീകരിച്ച് യുപി സര്‍ക്കാര്‍

ഹാഥ്‌റസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കാതെ രാത്രിയില്‍ പൊലീസ് സംസ്‌ക്കരിച്ച നടപടിയെ ന്യായീകരിച്ച് യുപി സര്‍ക്കാര്‍. ഡല്‍ഹിയില്‍ നിന്നെത്തിച്ച് പുലര്‍ച്ചെ 2.30നു തന്നെ പൊലീസ് സംസ്‌ക്കരിച്ചത് വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണെന്ന് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. തൊട്ടടുത്ത ദിവസം ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി വരുന്നതിനാല്‍ പകല്‍ വലിയ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടുണ്ടായിരുന്നുവെന്നും യുപി സര്‍ക്കാര്‍ കോടിതിയില്‍ പറഞ്ഞു.

സെപ്തംബര്‍ 29നു രാവിലെ മുതല്‍ ഹാഥ്‌റസ് ജില്ലാ ഭരണകൂടത്തിന് നരവധി ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. പെണ്‍കുട്ടി മരിച്ച ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രി പരിസരത്തു നടന്ന ധര്‍ണ മുന്‍നിര്‍ത്തി അത് ചൂഷണം ചെയ്ത് സംഭവത്തിനു ജാതി/വര്‍ഗീയ നിറം നല്‍കാന്‍ സാധ്യതയുണ്ടെന്നായിരുന്നു രഹസ്യ വിവരമെന്നും യുപി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന വാദം സുപ്രീം കോടതിയിലും യുപി സര്‍ക്കാര്‍ ആവര്‍ത്തിച്ചു. അലിഗഡിലെ ജെജെ മെഡിക്കൽ ഹോസ്പിറ്റലിന്റെ താൽക്കാലിക മെഡിക്കൽ റിപ്പോർട്ടിൽ ബലാത്സംഗത്തെക്കുറിച്ചുള്ള പ്രാഥമിക കണ്ടെത്തലുകൾ ഉണ്ടായിരുന്നില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *