ചാവക്കാട്ടെ പ്രമാദമായ ഹനീഫ വധക്കേസില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കുമെന്ന് സഹോദരങ്ങളായ എസി സെയ്ത് മുഹമ്മദും എസി ഷാനവാസും പിതൃസഹോദരന്‍ എസി കോയയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത് വരെ നടന്ന അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണനും മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപനും ഇടപെട്ട് ചാവക്കാട് മുന്‍ സിഐ. മുനീറില്‍ സ്വാധീനം ചെലുത്തിയാണ് അട്ടിമറി നടത്തിയത്. എഫ് ഐ ആറില്‍ ഗോപപ്രതാപനെയും പേരുണ്ടായിട്ടും ഒഴിവാക്കി വിദേശത്തേക്ക് രക്ഷപ്പെട്ട ഷാഫിയെയും സച്ചിനെയും വീണ്ടും ചോദ്യം ചെയ്ത് പ്രതിപട്ടികയില്‍ ചേര്‍ക്കണം. കൊല്ലപ്പെടുന്നതിന്റെ തൊട്ട് മുമ്പുള്ള ദിവസം ജീവന് ഗോപപ്രതാപനില്‍ നിന്നും ഭീഷണിയുള്ളതായി ഹനീഫ സി ഐ.മുനീറിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നടപടിയെടുക്കാതെ മുക്കിയ സി ഐക്കെതിരെയും നടപടി വേണം.തൃശൂരില്‍ നിന്നുള്ള മന്ത്രിമാര്‍ക്കും എം എല്‍ എ മാര്‍ക്കും നിവേദനം നല്‍കുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഹനീഫയുടെ സുഹൃത്തുക്കളായ കെ കെ ഇല്യാസ്, കെ എം ഷാഹു എന്നിവരും പങ്കെടുത്തു.













