ഹത്രാസ് ബലാത്സംഗ കൊലപാതക കേസ്; പ്രതിഷേധം ശക്തം, ഇന്ത്യ ഗേറ്റില്‍ നിരോധനാജ്ഞ

ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സർക്കാർ ഭീഷണിപ്പെടുത്തുന്നു എന്ന് പ്രതിപക്ഷ പാർട്ടികള്‍. നിരോധനാജ്ഞ പ്രഖ്യാപിച്ചും കുടുംബത്തെ ഒറ്റപ്പെടുത്തിയും കേസ് ഇല്ലാതാക്കാനാണ് ശ്രമമെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. വൈകീട്ട് ഇന്ത്യ ഗേറ്റില്‍ വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന കൂട്ടായ്മ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പരിപാടി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ ഗേറ്റില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രിയങ്ക ഗാന്ധി ഇന്ന് ധർണ നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഹത്രാസ് കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു, മാധ്യമങ്ങളും ബാക്കി എല്ലാവരും പോകും ഞങ്ങള്‍ മാത്രമേ കാണൂ എന്ന് ജില്ലാ മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു, നിയമസഹായം നല്‍കാന്‍ തയ്യാറായ നിർഭയ കേസിലെ അഭിഭാഷക സീമ കുശ്വാഹയെ ഹത്രാസിലെത്താന്‍ അനുവദിക്കുന്നില്ല തുടങ്ങി കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ പാർട്ടികള്‍ ആരോപിച്ചു.

അതിനാല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറിയിച്ചു. അഞ്ച് മണിക്ക് ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം ഉയർത്താനാണ് വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയുടെ തീരുമാനം. പ്രതിപക്ഷ പാർട്ടി നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം. ഇത് മുന്നില്‍ കണ്ടാണ് ഇന്ത്യ ഗേറ്റില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജന്തർമന്തറിലെ പരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണമെന്നും 100 പേർക്കെ പങ്കെടുക്കാനാകൂ എന്നും പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *