ഹജ്ജ്: തുടര്‍ച്ചയായി അഞ്ച് വര്‍ഷം അവസരം ലഭിക്കാത്തവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി:അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഹജ്ജിന് അപേക്ഷിച്ചിട്ട് അവസരം ലഭിക്കാത്തവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സുപ്രിം കോടതി. അറുപത്തിയഞ്ചിനും അറുപത്തി ഒമ്ബതിനും ഇടയില്‍ പ്രായം ഉള്ളവര്‍ക്കാണ് ഇളവ് ലഭിക്കുക. കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂര്‍ ആക്കണമെന്ന ആവശ്യം കോടതി തള്ളി.

അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഹജ്ജിന് അപേക്ഷിക്കുകയും എന്നാല്‍ ഹജ്ജിന് പോകാന്‍ അവസരം ലഭിക്കാത്തതുമായ 1965 പേരുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ വ്യക്തമാക്കി. അറുപത്തിയഞ്ചിന് മുകളില്‍ പ്രായം ഉള്ളവരുടെ കണക്കാണ് ഇതെന്നും സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. 70 വയസ്സിന് മേല്‍ പ്രായം ഉള്ളവര്‍ക്ക് പുതിയ ഹജ്ജ് നയത്തില്‍ മുന്‍ഗണനയുണ്ടെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ മാധവി ദിവാന്‍ വ്യക്തമാക്കി.

ഇതേ തുടര്‍ന്നാണ് തുടര്‍ച്ചയായി അഞ്ച് തവണ അപേക്ഷിച്ച അറുപത്തിയഞ്ചിനും എഴുപത്തിനും ഇടയില്‍ പ്രായമുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്.

അതേസമയം, കേരളത്തിലെ ഹജ്ജിന്റെ എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂര്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂര്‍ ആയാലും നെടുമ്ബാശേരി ആയാലും വ്യത്യാസം ഇല്ലെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *