സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച് ഒളിവില്‍ പോയ അധ്യാപകനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതം


സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അധ്യാപകനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഏരിമല ജി.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ കാരമൂല കുമാരനല്ലൂര്‍ കെ.കെ. ജനാര്‍ദനന്‍ (47) ആണ് പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്നത്.
ഏരിമല ജി.എല്‍.പി സ്‌കൂളിലെ മൂന്നാം തരത്തിലും നാലാംതരത്തിലും പഠിക്കുന്ന പത്തോളം വിദ്യാര്‍ഥിനികളാണ് അധ്യാപകന്റെ ലൈംഗികചൂഷണത്തിനിരകളായത്. 2015 ജൂലായില്‍ ഏരിമല ജി.എല്‍.പി. സ്‌കൂളില്‍ അധ്യാപകനായെത്തിയ ജനാര്‍ദനനെതിരെ ആ വര്‍ഷം തന്നെ കുട്ടികള്‍ പരാതി ഉന്നയിച്ചിരുന്നു.
സ്‌കൂള്‍ എസ്.എസ്.ജി കണ്‍വീനര്‍ ശങ്കരന്‍ നമ്ബൂതിരി ജൂലായ് ഏഴിന് പഞ്ചായത്ത് പ്രസിഡന്റിനെ പങ്കെടുപ്പിച്ച് അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡി.ഡി.യുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അതിനിടെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും കുട്ടികളെ അധ്യാപകന്‍ പീഡനത്തിനിരയാക്കിയിരുന്നു. രക്ഷിതാക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രധാനാധ്യാപിക കോഴിക്കോട് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് അധ്യാപകന്‍ പീഡിപ്പിച്ച വിവരം കുട്ടികള്‍ പുറത്തുവിട്ടത്.
ചൈല്‍ഡ് ലൈന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് മാവൂര്‍ പോലീസെത്തി അധ്യാപകനെതിരെ കേസെടുക്കുകയായിരുന്നു. സര്‍വീസ് കാലത്തിനിടെ ഒട്ടേറെ തവണ ഈ അധ്യാപകന്‍ പീഡനക്കേസില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്.




Sharing is Caring