ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ആറ് ആഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയില്‍ മറുപടി പറയേണ്ടത് പ്രത്യേക അന്വേഷണ സംഘമാണ്. എല്ലാ കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം. തിരിമറി നടന്നുവെന്ന് ദേവസ്വം വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ദേവസ്വം വിജിലസിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് വിജിലന്‍സ് ആന്റ് സെക്യൂരിറ്റി ഒാഫീസറാണ് 20 പേജുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയത്. സീല്‍വെച്ച കവറിലാണ് റിപ്പോര്‍ട്ട് കൈമാറിയത്.
അന്നത്തെ ദേവസ്വം കമ്മീഷണറുടെ നിര്‍ദേശം അനുസരിച്ചാണ് സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിക്ക് 2019 ല്‍ സ്വര്‍ണപ്പാളി കൈമാറിയതെന്ന് ദേവസ്വം ബോര്‍ഡിന്റെ രേഖകളില്‍ നിന്നും വ്യക്തമാണെന്ന് നിരീക്ഷിച്ച കോടതി ദേവസ്വം കമ്മീഷണറുടെ തീരുമാനത്തില്‍ സംശയവും പ്രകടിപ്പിച്ചു. ചെമ്പ് പാളിയാണെന്ന് മഹസറില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ രേഖപ്പെടുത്തിയതില്‍ ദുരൂഹതയുണ്ട്. ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളിക്ക് പുറമെ വാതില്‍പ്പാളിയിലെ സ്വര്‍ണം മങ്ങിയതിലും കോടതി സംശയം പ്രകടിപ്പിച്ചു.

2019 ല്‍ ദ്വാരപാലക ശില്പത്തില് സ്വര്‍ണം പൂശിയ സ്മാര്‍ട് ക്രിയേഷനും സംശയമുനയിലുണ്ട്. സ്വര്‍ണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉപയോഗിച്ചതെന്ന് കോടതി വ്യക്തമാക്കി. 2019ല്‍ പാളിയില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാര്‍ട്ട് ക്രിയേഷന്‍സിന് ഉണ്ടായിരുന്നില്ല. പാളികള്‍ കൊണ്ടുപോയ ഉണ്ണികൃഷ്ണന് പോറ്റി പിന്നീട് കൊണ്ടുവന്നത് ചെമ്പുപാളിയാണ്. 474.9 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതെന്നും കോടതി വ്യക്തമാക്കി.













