സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റാ തന്‍ബര്‍ഗിന് സമാന്തര നൊബേല്‍ പുരസ്‌ക്കാരം

സ്റ്റോക്ക് ഹോം: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കൗമാരക്കാരി ഗ്രേറ്റ തന്‍ബെര്‍ഗിന് ഈ വര്‍ഷത്തെ സമാന്തര നൊബേല്‍ സമ്മാനം. മറ്റു മൂന്നുപേര്‍ക്കൊപ്പമാണ് 16കാരിയായ ഗ്രേറ്റ അവാര്‍ഡ് പങ്കിടുന്നത്. ബ്രസീലിലെ ദാവി കോപെനാവ, ചൈനയിലെ സ്ത്രീപക്ഷ അഭിഭാഷക ഗുവോ ജിയാന്‍മെയ്, അമിനാട്ടോ ഹൈദര്‍ എന്നിവരോടൊപ്പമാണ് ഗ്രേറ്റ പുരസ്‌കാരം പങ്കിട്ടത്. 10 ലക്ഷം സ്വീഡിഷ് ക്രോണ ആണ് സമ്മാനത്തുക (ഏകദേശം 73 ലക്ഷം ഇന്ത്യന്‍ രൂപ).

കാലാവസ്ഥ മാറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭങ്ങളും അതിന് ലോക വ്യാപകമായി ലഭിക്കുന്ന അംഗീകരാവുമാണ് ഗ്രേറ്റയെ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്. ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരേ അടിയന്തര രാഷ്ട്രീയനടപടി സ്വീകരിക്കാന്‍ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്ന ഗ്രേറ്റയുടെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡിന് പരിഗണിച്ചതെന്നും ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
നൊബേല്‍ സമ്മാനത്തില്‍ പരിസ്ഥിതി-വികസന വിഭാഗങ്ങളിലുള്ളവരെ ഉള്‍പ്പെടുത്താത്തതിനാല്‍ 1980ല്‍ സ്വീഡിഷ്-ജര്‍മന്‍ പൗരനായ ജാക്കോബ് വോന്‍ എക്സ്‌കലാണ് ഈ മേഖലകളില്‍ പ്രശംസനീയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നവര്‍ക്കായി സമാന്തര നൊബേല്‍ എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്ലിഹുഡ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ലോകത്തെ പ്രധാന സാമ്ബത്തിക ശക്തികളായ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, അര്‍ജന്റീന, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യുഎന്നില്‍ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റാ തുന്‍ബെര്‍ഗ് നടത്തിയത്. ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട നിങ്ങള്‍ തന്റെ തലമുറയെ വഞ്ചിക്കുകയായിരുന്നെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത ലോക നേതാക്കളോട് ഗ്രേറ്റാ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഒരുവര്‍ഷം മുന്‍പ് സ്വീഡിഷ് പാര്‍ലമെന്റിനു പുറത്ത് ഗ്രേറ്റ തനിച്ചു നടത്തിയ പ്രതിഷേധം ഏറെ ശദ്ധേയമായിരുന്നു. ഗ്രേറ്റയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളും യുവതീയുവാക്കളും കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *