സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം; സുപ്രീംകോടതി, ഹൈക്കോടതി വിധികളില്‍ കണ്ണുംനട്ട് സര്‍ക്കാരും വിദ്യാര്‍ത്ഥികളും

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമായുള്ള കേസുകളില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. സുപ്രീംകോടതി മൂന്ന് കേസുകളും ഹൈക്കോടതി രണ്ട് കേസുകളുമാണ് പരിഗണിക്കുന്നത്. സ്വാശ്രയ കോളേജുകളിലെ ഏകീകൃത ഫീസ് 5 ലക്ഷം രൂപയായി നിര്‍ണയിച്ച ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റിയെ ചോദ്യം ചെയ്ത് മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പ്രസ്താവിക്കുക. 5 ലക്ഷം രൂപ ഏകീകൃത ഫീസായി നിശ്ചയിച്ച നടപടി നേരത്തെ ഹൈക്കോടതി ശരിവെയ്ക്കുകയും പ്രവേശന നടപടികളുമായി മുന്നോട്ടുപോകാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ ചോദ്യം ചെ്ത് കോഴിക്കോട് കെഎംസിടി, എറണാകുളം ശ്രീനാരായണ കോളേജുകള്‍ സുപ്രീംകോടതിയെ സമീപിച്ചു. 11 ലക്ഷം രൂപ വരെ ഫീസീടാക്കാന്‍ മാനേജുമെന്റുകള്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് കേസ് എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ സുപ്രീംകോടതി, ഹൈക്കോടതിയ്ക്ക് നിര്‍ദേശം നല്‍കി. ഈ നിര്‍ദേശം അനുസരിച്ചാണ് ഇന്ന് ഹൈക്കോടതി കേസില്‍ വിധി പുറപ്പെടുവിക്കുന്നത്.
അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ ഫീസ് ഉയര്‍ന്നാല്‍ അത് വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും ആശങ്കയിലാഴ്ത്തും. മെറിറ്റ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നേടാന്‍ കഴിയാത്ത അവസ്ഥ വരും. കേസില്‍ വിദ്യാര്‍ത്ഥികളും കക്ഷി ചേര്‍ന്നിട്ടുണ്ട്. ഫീസ് 5 ലക്ഷത്തില്‍ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സര്‍ക്കാരിനും വലിയ തിരിച്ചടിയായേക്കും.
പെരിന്തല്‍മണ്ണ എംഇഎസും കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജും നാല് തരം ഫീസ് ഘടനയില്‍ പ്രവേശനത്തിനായി ഒപ്പിട്ട കരാറിലെ ചില വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെ ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രവേശന കരാര്‍ തന്നെയാണ് ഈ വര്‍ഷവും പ്രസ്തുത കോളേജുകള്‍ സര്‍ക്കാരുമായി ഒപ്പിട്ടത്. എന്നാല്‍ അതിലെ വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കിയതോടെ കരാറില്‍ നിന്ന് പിന്‍മാറുകയാണെന്ന് കാണിച്ച് കോളേജുകള്‍ സര്‍ക്കാരിന് കത്ത് നല്‍കി. കരാര്‍ വ്യവസ്ഥകള്‍ പുന:സ്ഥാപിച്ചില്ലെങ്കില്‍ 5 ലക്ഷം രൂപ ഏകീകൃത ഫീസിലേക്ക് മാറാനാണ് ഈ കോളേജുകളുടെ തീരുമാനം.
കെഎംസിടി, ശ്രീനാരായണ കോളേജുകള്‍ക്ക് 11 ലക്ഷം രൂപ ഈടാക്കാന്‍ അനുമതി നല്‍കുന്ന സുപ്രീംകോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുന:പരിശോധന ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് മൂന്നാമത്തെ അലോട്ട്‌മെന്റ് അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയും തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. മൂന്നാം അലോട്ട്‌മെന്റ് അനുവദിച്ചില്ലെങ്കില്‍ രണ്ടാം അലോട്ട്‌മെന്റിന് ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തേണ്ടി വരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *