സ്വര്‍ണക്കടത്ത്; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും, ഫൈസലിനെ നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി

കൊച്ചി: ഫൈസല്‍ ഫരീദാണ് സ്വര്‍ണമയക്കാന്‍ നേതൃത്വം കൊടുത്തത് എന്ന് പ്രതികള്‍ എന്‍.ഐ.എയോട് സമ്മതിച്ചുവെന്ന് വിവരം. ഫൈസലിനെ ചോദ്യം ചെയ്താല്‍ കേസുമായി നയതന്ത്ര പ്രതിനിധികളടക്കമുള്ളവരുടെ ബന്ധത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് എന്‍.ഐ.എ കണക്കുകൂട്ടല്‍. കള്ളക്കടത്തിന് പണം നല്‍കിയ ചില ജൂവലറി ഉടമകളെയും ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. കേസില്‍ കസ്റ്റംസ് ഇതുവരെ 12 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്‍.ഐ.എ കസ്റ്റഡിയില്‍ ഉള്ള മുഖ്യപ്രതി സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവരെ ഒരുമിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്.എന്‍.ഐ.എ തിരയുന്ന ഫൈസല്‍ ഫരീദ് ഇന്നലെ ദുബായ് പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.

ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനാല്‍ ഫൈസലിനെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്ന് അന്വേഷണ സംഘം ദുബായില്‍ നേരിട്ടെത്തുകയും ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് കൈമാറുകയും ചെയ്യുക. രണ്ട് ഫൈസലിനെ നാട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയോ ദുബായ് പൊലീസിന്റെ സഹായത്തോടെ വിമാനത്തില്‍ നാട്ടിലേക്ക് അയക്കുകയോ ചെയ്യുക. ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിന് കരാറുള്ളതിനാല്‍ കൈമാറ്റത്തിന് തടസങ്ങളില്ല. എന്നാല്‍ എപ്പോള്‍ ഫൈസലിനെ ഇന്ത്യയ്ക്ക് കൈമാറും എന്നത് സംബന്ധിച്ച്‌ ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *