സ്വകാര്യബസ് സമരത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍

തിരുവനന്തപുരം: ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്ന് ജനങ്ങള്‍ക്ക് ദുരിതം കടുത്തതോടെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ ബസ് ഉടമകള്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ നോട്ടീസ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പെര്‍മിറ്റ് റദ്ദാക്കാന്‍ കാരണമുണ്ടെങ്കില്‍ അത് അറിയിക്കണമെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദേശം നല്‍കി.

ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിരക്കുന്നത്. അതാതു ജില്ലാ കളക്ടര്‍ മുഖേനെ ഇക്കാര്യം ചെയ്യാനും മറുപടി തൃപ്തികരമല്ലെങ്കില്‍ കടുത്ത നടപടിയെടുക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് ഉടമകളുമായി ഒരു യുദ്ധത്തിന് താല്‍പ്പര്യമില്ലെന്നും അത്തരം സാഹചര്യം ഉണ്ടാക്കരുതെന്നും സമരം തുടര്‍ന്നാല്‍ ബസുകള്‍ പിടിച്ചെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കരുതെന്നും നേരത്തേ ഗതാഗതമന്ത്രി വ്യക്തമാക്കിയിരുന്നു.

ബസ് സമരം മൂലം ജനങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ മിക്കതും നിറഞ്ഞാണ് ഓടുന്നത്. കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ഇല്ലാത്ത ഗ്രാമീണ മേഖലയിലാണ് കൂടുതല്‍ ദുരിതം. പരീക്ഷാ കാലമായതിനാല്‍ വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടുകയാണ്. വീട്ടില്‍ നിന്നും ദൂരെ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് ബദല്‍ മാര്‍ഗ്ഗം കണ്ടെത്താന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ്്. അതിനിടയില്‍ സേവന സന്നദ്ധതയുമായി ഡിവൈഎഫ്‌ഐ പോലെയുള്ള സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

കോഴിക്കോട്ടെ മലയോര പ്രദേശമായ മുക്കത്ത് രണ്ടു ബസുകള്‍ വാടകയ്ക്ക് എടുത്ത് ഡിവൈഎഫ്‌ഐ നാട്ടുകാര്‍ക്ക് സൗജന്യയാത്ര തരപ്പെടുത്തിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസി ബസുകള്‍ നിറഞ്ഞോടുന്നതിനെ തുടര്‍ന്ന് അത്യാവശ്യയാത്ര പോലും നടത്താന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കായി രണ്ടു ടൂറിസ്റ്റ് ബസുകളാണ് ഇട്ടിരിക്കുന്നത്. രാവിലെ 6 മുതല്‍ പത്തു വരെയും വൈകിട്ട് മൂന്ന് മണി മുതല്‍ ആറു മണി വരെയും രണ്ടു സര്‍വീസുകളാണ് നടത്തുന്നത്. സമരവുമായി സഹകരിക്കാത്ത ഒരു വിഭാഗം തൊടുപുഴയില്‍ സര്‍വീസ് നടത്തുകയും ചെയ്തു.

ഇന്നു രാവിലെ മുതല്‍ ഒറ്റവണ്ടി ഓടുമെന്ന് മുന്നറിയിപ്പ് നല്‍കിയ തൊടുപുഴ അടിമാലി രാജക്കാട് സര്‍വ്വീസ് നടത്തുന്ന ചന്ദ്രാബസ് സര്‍വീസ് നടത്തി. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ എത്തിയ ബസ് പക്ഷേ ബസുടമകള്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. പിന്നീട് പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത് സമരം ഒറ്റവണ്ടിക്കാര്‍ക്ക് നഷ്ടം വരുത്തുന്നതായിട്ടാണ് ഇവര്‍ വ്യക്തമാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *