സ്മാര്‍ട്ടാകാനൊരുങ്ങി തലസ്ഥാനം;കരാറില്‍ ഒപ്പിട്ടു

തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റിയുടെ പ്രോജക്‌ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുത്ത ഐ.പി.എ ഗ്ലോബലും തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.പി.ഇ ഗ്ലോബല്‍ ജോണ്‍സ് ലാങ്ങ് ലാസെല്ലെ ഇന്‍കോര്‍പ്പറേറ്റഡ് (ജെ.എ.എ) എന്ന കമ്ബിനിയുമായി ചേര്‍ന്ന് രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് തിരുവനന്തപുരം സ്മാര്‍ട്ട്‌സിറ്റി പദ്ധതി ഏറ്റെടുക്കുന്നത്.

മേയര്‍ വി.കെ. പ്രശാന്തി​ന്റെ സാന്നിധ്യത്തില്‍ സ്മാര്‍ട്ട്സിറ്റി തിരുവനന്തപുരം ലിമിറ്റഡിനുവേണ്ടി സി.ഇ.ഒ ഡോ. എം. ബീനയും ഐ.പി.ഇ ഗ്ലോബല്‍ കമ്ബനിക്കുവേണ്ടി ഡയറക്ടര്‍ അനി ബന്‍സാലുമാണ് കരാറില്‍ ഒപ്പിട്ടത്.ചടങ്ങില്‍ നഗരസഭയുടെ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. ശ്രീകുമാര്‍, ആര്‍. ഗീതഗോപാല്‍, ആര്‍. സതീഷ്‌കുമാര്‍, സിമിജ്യോതിഷ്, കൗണ്‍സിലര്‍മാരായ പാളയം രാജന്‍, വി.ആര്‍. സിനി, സോളമന്‍ വെട്ടുകാട്, പ്രിയ ബിജു, എം.ആര്‍. ഗോപന്‍, നഗരസഭാ സെക്രട്ടറി എല്‍.എസ്. ദീപ, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജയചന്ദ്രകുമാര്‍, ടെക്നിക്കല്‍ കമ്മിറ്റി അംഗം കസ്തുരി രംഗന്‍, ഐ.പി.ഇ.ഗ്ലോബല്‍ പ്രതിനിധികളും പങ്കെടുത്തു.

കരാര്‍ പ്രകാരം പദ്ധതി ആസൂത്രണം, ഡിസൈനിംഗ്, നിര്‍വ്വഹണം, മാനേജ്‌മെന്റ് എന്നിവ പി.എം.സിയുടൈ ചുമതലയാണ്. അടുത്ത മൂന്ന് വര്‍ഷമാണ് കരാര്‍ കാലാവധി. അടുത്ത ഒരു വര്‍ഷം കൊണ്ട് പ്രോജക്ടിന്റെ മുഴുവന്‍ ഡി.പി.ആറുകളും തയ്യാറാക്കി ടെന്‍ഡര്‍ നടപടികള്‍ പൂത്തിയാക്കും.

കണ്‍സള്‍ട്ടന്റ്സ് ഒരു മാസത്തിനകം ഉദ്യോഗസ്ഥരെ നഗരത്തില്‍ വിന്യസിച്ച്‌ ഫീല്‍ഡ് പരിശോധനയും നിലവിലുള്ള അവസ്ഥാ പഠനവും പൂര്‍ത്തിയാക്കും. വിവരശേഖരണത്തിനായി ആവശ്യമെങ്കില്‍ സര്‍വ്വേ സംഘടിപ്പിക്കും. ഡിസൈന്‍ പൂര്‍ത്തിയാക്കുന്നതിന് 6 മാസമാണ് കരാര്‍ വ്യവസ്ഥ. 2019 ഫെബ്രുവരിയോടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *