സ്പാനിഷ് ലാലിഗയില്‍ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് സമനിലയോടെ അരങ്ങേറ്റം. പുതിയ സീസണിലെ ആദ്യ പോരാട്ടത്തില്‍ മയ്യോർക്കയാണ് റയലിനെ 1-1ന് പിടിച്ചുകെട്ടിയത്.
ബുധനാഴ്ച യുവേഫ സൂപ്പർ കപ്പ് ഫൈനലില്‍ അറ്റ്ലാന്റക്കെതിരെ പുതിയ ക്ലബിനായി അരങ്ങേറിയ എംബാപ്പെ കിരീടത്തോടെയാണ് റയലില്‍ തുടക്കമിട്ടത്. 2-0ത്തിന് ജയിച്ച മത്സരത്തില്‍ ഒരു ഗോള്‍ നേടാനും ഫ്രഞ്ച് നായകന് കഴിഞ്ഞിരുന്നു.

മയ്യോർക്കക്കെതിരായ മത്സരത്തില്‍ റയല്‍ ആധിപത്യം പുലർത്തിയെങ്കിലും അവസരങ്ങള്‍ ഒരുക്കുന്നതില്‍ എതിരാളികള്‍ ഒപ്പത്തിനൊപ്പം നിന്നു. ആറാം മിനിറ്റില്‍ തന്നെ മയ്യോർക്ക ഗോളിനടുത്തെത്തിയെങ്കിലും ഉശിരൻ ഷോട്ട് ഗോള്‍കീപ്പർ തിബൊ കുർട്ടോ പറന്നുയർന്ന് കുത്തിയകറ്റി. 13ാം മിനിറ്റില്‍ റയല്‍ ലീഡെടുത്തു.
ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്റെ മനോഹരമായ ബാക്ക്ഹീല്‍ പാസില്‍നിന്ന് മറ്റൊരു ബ്രസീലുകാരൻ റോഡ്രിഗോയാണ് ഗോള്‍ നേടിയത്. വൈകാതെ റോഡ്രിഗോക്ക് ലീഡ് ഇരട്ടിപ്പിക്കാൻ അവസരം ലഭിച്ചെങ്കിലും ഇത്തവണ എതിർ ഗോള്‍കീപ്പർ തടസ്സംനിന്നു.
25ാം മിനിറ്റില്‍ എംബാപ്പെയും ഗോളിനടുത്തെത്തിയെങ്കിലും ശ്രമം പോസ്റ്റിനോട് ചേർന്ന് പുറത്തുപോയി. ആദ്യപകുതി അവസാനിക്കാനിരിക്കെ മയ്യോർക്ക തിരിച്ചടിച്ചെന്ന് തോന്നിച്ചെങ്കിലും ഇത്തവണയും റയല്‍ ഗോള്‍കീപ്പർ പന്ത് കടത്തിവിട്ടില്ല.
എന്നാല്‍, രണ്ടാം പകുതി തുടങ്ങി എട്ട് മിനിറ്റിനകം മയ്യോർക്ക തിരിച്ചടിച്ചു. ഡാനി റോഡ്രിഗസിന്റെ കോർണർ കിക്കില്‍ ബുള്ളറ്റ് ഹെഡറിലൂടെ വെദാത്ത് മുരീഖിയാണ് റയല്‍ വല കുലുക്കിയത്. തുടർന്ന് രണ്ട് തുടരൻ അവസരങ്ങള്‍ എംബാപ്പെയെ തേടിയെത്തിയെങ്കിലും എതിർ ഗോള്‍കീപ്പർ വഴങ്ങിയില്ല. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ എതിർതാരത്തെ മാരകമായി ഫൗള്‍ ചെയ്തതിന് റയല്‍ താരം ഫെർലാൻഡ് മെൻഡി ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് പിന്നാലെ മത്സരത്തിനും വിരാമമായി.













