സ്പാനിഷ് കോപ്പ ഡെല്‍ റേ പ്രീ-ക്വാർട്ടറില്‍ അല്‍ബാസെറ്റെയോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റ് റയല്‍ മാഡ്രിഡ്


സ്പാനിഷ് കോപ്പ ഡെല്‍ റേ പ്രീ-ക്വാർട്ടറില്‍ രണ്ടാം ഡിവിഷൻ ക്ലബ്ബായ അല്‍ബാസെറ്റെയോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റ് റയല്‍ മാഡ്രിഡ് ടൂർണമെന്റില്‍ നിന്ന് പുറത്തായി.പുതിയ പരിശീലകനായി ചുമതലയേറ്റ ആല്‍വാരോ അർബലോവയുടെ കീഴിലുള്ള റയലിന്റെ ആദ്യ മത്സരമായിരുന്നു ഇത്.


കഴിഞ്ഞയാഴ്ച സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലില്‍ ബാഴ്‌സലോണയോട് തോറ്റതിന് പിന്നാലെ സാബി അലോണ്‍സോയെ പുറത്താക്കിയാണ് അർബലോവയെ പരിശീലകനായി നിയമിച്ചത്. എന്നാല്‍ ഈ മാറ്റം ടീമിന് ഗുണകരമായില്ല എന്ന് തെളിയിക്കുന്നതായിരുന്നു അല്‍ബാസെറ്റെയുടെ തട്ടകമായ കാർലോസ് ബെല്‍മോണ്ടെ സ്റ്റേഡിയത്തില്‍ നടന്ന ഈ അപ്രതീക്ഷിത തോല്‍വി.കനത്ത മൂടല്‍മഞ്ഞിനിടയില്‍ നടന്ന മത്സരത്തില്‍ നാടകീയമായ നിമിഷങ്ങളാണ് അരങ്ങേറിയത്.


42-ാം മിനിറ്റില്‍ ഹാവി വില്ലാറിലൂടെ അല്‍ബാസെറ്റെയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഫ്രാങ്കോ മസ്താൻറുവോണോയിലൂടെ റയല്‍ സമനില പിടിച്ചു. മത്സരത്തിന്റെ 82-ാം മിനിറ്റില്‍ ജെഫ്‌റ്റെ ബെറ്റാൻകോർ വീണ്ടും ആതിഥേയരെ മുന്നിലെത്തിച്ചു.

ഇഞ്ച്വറി മിനുറ്റിന്റെ ഒന്നാം മിനിറ്റില്‍ (91′) ഗോണ്‍സാലോ ഗാർഷ്യ നേടിയ ഗോളിലൂടെ റയല്‍ ഒരിക്കല്‍ കൂടി സമനില പിടിച്ചെങ്കിലും, കളി തീരാൻ സെക്കൻഡുകള്‍ ബാക്കി നില്‍ക്കെ (94′) ബെറ്റാൻകോർ തന്റെ രണ്ടാം ഗോള്‍ നേടി അല്‍ബാസെറ്റെയ്ക്ക് ചരിത്രവിജയം സമ്മാനിച്ചു.



Sharing is Caring