സ്ഥാനാര്‍ഥിയുടെ ഓഫീസില്‍ നിന്ന‌് പണം പിടിച്ചെടുത്തു; വെല്ലൂരില്‍ വോട്ടെടുപ്പ് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍


കണക്കില്‍പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന‌് തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം. ബുധനാഴ്ചയാണ് വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദിന്റെ ഓഫിസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പണം കണ്ടെത്തിയത്. സംഭവത്തില്‍ കതിര്‍നെതിരെയും ശ്രീനിവാസന്‍, ദാമോദരന്‍ എന്നീ രണ്ടു പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെയും ജില്ലാ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു


സംഭവത്തെ തുടര്‍ന്ന‌് ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കാനുളള ശുപാര്‍ശ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അധികൃതര്‍‌ അറിയിച്ചു. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിനാണ് കതിര്‍ ആനന്ദിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കോഴ വാങ്ങിയതിനാണ് ശ്രീനിവാസനും ദാമോദരനുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുതിര്‍ന്ന ഡിഎംകെ നേതാവ് ദുരൈ മുരുകന്റെ മകനാണ് കതിര്‍ ആനന്ദ്.


മാര്‍ച്ച്‌ 30-ന് ദുരൈ മുരുകന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കണക്കില്‍പെടാത്ത 10.5 ലക്ഷം രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പ് രണ്ടു ദിവസത്തിനു ശേഷം ദുരൈ മുരുകന്റെ സഹായിയുടെ സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയോളം രൂപ പിടികൂടി.



Sharing is Caring