തൊടുപുഴ: യുഡിഎഫ് ഒന്നിച്ചു നിന്നാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറാനാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. യുഡിഎഫ് ഒരുമിച്ച് നിന്നാല്‍ വിജയിക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അത് തെളിയിച്ചു. അത് ഏതാണ്ട് ക്ലീന്‍ സ്വീപ്പ് ആയിരുന്നു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സുപ്രധാന ഘടകമാണെന്നും പി ജെ ജോസഫ് പറഞ്ഞു.
യുഡിഎഫിന് ഒന്നിച്ചു നില്‍ക്കാന്‍ കഴിയും. അതിന്റെ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട് എന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തേക്ക് മത്സരമല്ലേയെന്ന ചോദ്യത്തിന്, അവര്‍ ഐക്യത്തോടെ നില്‍ക്കേണ്ട അനുകൂല സാഹചര്യമാണെന്ന് പി ജെ ജോസഫ് പറഞ്ഞു. എന്നാല്‍ അത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണ്. ഞങ്ങള്‍ യുഡിഎഫ് നേതൃത്വത്തോടാണ് സംസാരിക്കുന്നത്. യുഡിഎഫ് നേതാവ് ആരെന്ന് സംശയം വേണ്ട, അത് സമയമാകുമ്പോള്‍ ഉണ്ടാകുമെന്നും പിജെ ജോസഫ് പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതില്‍ സൗജന്യ കിറ്റുകള്‍ പ്രധാന ഘടകമാണ്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതൊന്നും നടപ്പിലാക്കിയിട്ടില്ല. ഉദാഹരണമായി 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍ പരസ്യ പ്രസ്താവനകള്‍ ഒഴികെ, മറ്റൊന്നും ഉണ്ടായിട്ടില്ല. അതുപോലെ തന്നെയാണ് പട്ടയ വിതരണവും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടും നിരവധി പ്രശ്‌നങ്ങളാണുള്ളത്. പി ജെ ജോസഫ് പറഞ്ഞു.













