സ്ഥാനമൊഴിയുന്ന പ്രായംകുറഞ്ഞ മേയറുടെ വൈകാരികമായ കുറിപ്പ്


തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനായുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ നോട്ടിഫിക്കേഷന്‍ വന്നതിനു പിന്നാലെ സ്ഥാനമൊഴിയുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ വൈകാരികമായ ഫേസ് ബുക്ക് കുറിപ്പ് പുറത്തുവന്നു.


പാര്‍ട്ടിക്കും ഒപ്പം നിന്നവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ആര്യയുടെ കുറിപ്പ്. മഴപെയ്താല്‍ ചോര്‍ന്നോലിക്കുന്ന ഒരു വീട്ടില്‍ നിന്ന് 21 വയസ്സുള്ള പെണ്‍കുട്ടി ഈ വലിയ നഗരത്തിന്റെ മേയറായി ചരിത്രമെഴുതുമ്പോള്‍ സാധാരണക്കാരന്റെയും തൊഴിലാളികളുടെയും പാര്‍ട്ടിക്ക് മാത്രമേ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കഴിയു എന്ന് ചരിത്രം പറയും. ഇനിയും സംഘടനാപ്രവര്‍ത്തനരംഗത്ത് നിലവിലെ ചുമതലകള്‍ നിര്‍വ്വഹിച്ച് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നും ആര്യ വ്യക്തമാക്കി.


കുറിപ്പിന്റെ പൂര്‍ണ രൂപം: ഞാന്‍ ജനിച്ചു വളര്‍ന്നത് ഒരു സാധാരണ കുടുംബത്തിലാണ്. തൊഴിലാളിയായ അച്ഛന്‍, അമ്മ,ചേട്ടന്‍ എന്നിവര്‍ അടങ്ങുന്ന കുടുംബം. കുടുംബ സാഹചര്യം, അച്ഛന്റെയും അമ്മയുടെയും ഉയര്‍ന്ന രാഷ്ട്രീയ ബോധം തുടങ്ങിയ നിരവധി കാരണങ്ങള്‍ കൊണ്ട് ഞാനും ചേട്ടനും ഓര്‍മ്മ വച്ച കാലം മുതല്‍ ബാലസംഘം പരിപാടികള്‍ ഉള്‍പ്പടെ സാധ്യമായ എല്ലാ പാര്‍ട്ടി പരിപാടികളിലും അവരോടൊപ്പം പങ്കെടുക്കുമായിരുന്നു. എന്റെ ബാല്യ കൗമാര കാലഘട്ടത്തില്‍ ഒരുപാട് പ്രയാസങ്ങള്‍ ഒരു സാധാരണ കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികള്‍ ഉള്‍പ്പടെ ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ പഠന കാലം മുതല്‍ ഞങ്ങള്‍ നേരിട്ടിട്ടുണ്ട്. അപ്പോഴും അച്ഛനും അമ്മയും ഒരിക്കല്‍ പോലും ആ സാഹചര്യങ്ങളില്‍ ഞങ്ങള്‍ക്ക് വേണ്ടത് ചെയ്യാതിരുന്നിട്ടില്ല. വാടക വീട്ടിലെ പരിമിതമായ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചത്. എന്നിലെ രാഷ്ട്രീയത്തെ പാകപ്പെടുത്തുന്നതില്‍ ആ ജീവിതം നല്‍കിയ പാഠങ്ങള്‍ എത്രമാത്രം സ്വാധീനം ചെലുത്തി എന്നത് ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ മനസിലാകുന്നുണ്ട്.മുന്നില്‍ വരുന്ന മനുഷ്യന്റെ മുഖം വാടിയിരിക്കുന്നതിന്റെ കാരണം വിശന്നിട്ടാണോ വിഷമിച്ചിട്ടാണോ എന്ന് തിരിച്ചറിയാന്‍ എന്നെ പഠിപ്പിച്ചത് ആ ജീവിതമാണ്.



Sharing is Caring