മലപ്പുറം: സെക്സ് ചാറ്റിങ്ങിനായി സോഷ്യല്‍ മീഡിയ ആപ്പുകളില്‍ സ്ത്രീപേരുകളില്‍ പരസ്യം നല്കി നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയിലായി. പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശി പാറക്കല്‍ അബ്ദുസമദിനെയാണ് (26) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
ഷെയര്‍ചാറ്റ്, ലൊകാന്റോ എന്നീ ആപ്പുകളില്‍ പരസ്യം നല്കി വാട്സ്ആപ്പിലൂടെ സെക്സ് ചാറ്റ് നടത്തുകയും ചിത്രങ്ങളും വിഡിയോകളും കൈമാറുകയുമായിരുന്നു രീതി. ഒന്നര വര്‍ഷത്തിനിടെ 19 ലക്ഷത്തിലധികം രൂപയാണ് ഇയാള്‍ തട്ടിയത്. ചാറ്റ് ചെയ്തതിെന്റ സ്ക്രീന്‍ഷോട്ട് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ചോദിച്ചതോടെ കബളിപ്പിക്കപ്പെട്ടവര്‍ പരാതിയുമായി വരുകയായിരുന്നു.

കീര്‍ത്തി, രൂപ, ശില്പ തുടങ്ങിയ പേരുകളാണ് പ്രതി പരസ്യത്തിനൊപ്പം നല്‍കിയിരുന്നതെന്ന് പൊലീസ് പറയുന്നു. സെക്സ് ചാറ്റിങ്ങിന് താല്പര്യമുള്ളവര്ക്ക് ബന്ധപ്പെടാന്‍ വാട്സ്ആപ്പ് നമ്ബറും കൊടുക്കും. തുടര്‍ന്ന് ആവശ്യക്കാര്‍ മെസ്സേജ് അയക്കുമ്ബോള്‍ വിഡിയോ കോളിങ് 1500 രൂപ, വോയ്സ് കോളിങ് 1000, ചാറ്റിങ് 500, ഡെമോ 400 തുടങ്ങിയ നിരക്കുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറും. ഡെമോക്കായി 400 രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചാലാണ് ചാറ്റ് തുടരുക. വിശ്വാസ്യത ഉറപ്പാക്കാന്‍ പല സ്ത്രീകളുടെയും ഫോട്ടോയും മുഖമില്ലാത്ത നഗ്നവിഡിയോകളും അയച്ചുകൊടുക്കും. ആവശ്യപ്രകാരം വിഡിയോ കോളിന് 1500 മുതല്‍ 2000 രൂപ വരെ ആളുകള്‍ നിക്ഷേപിക്കുന്നതോടെ ഇവരെ വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്യുകയാണ് രീതി. നഷ്ടപ്പെടുന്നത് ചെറിയ സംഖ്യയായതിനാല്‍ ആരും പരാതിപ്പെടാറില്ല.
2018 ഡിസംബറിലാണ് തട്ടിപ്പ് തുടങ്ങിയത്. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്റ്റേഷന് ഹൗസ് ഓഫിസര്‍ എ. പ്രേംജിത്ത്, എസ്.ഐമാരായ പി. സംഗീത്, ഇന്ദിരാമണി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഹമീദലി, ഹരിലാല്‍, ദിനു, ഷൈജല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.













