സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മാപ്പർഹിക്കാത്തത്; പ്രതികൾ ആരുമാകട്ടെ അവർക്ക് ശിക്ഷ ഉറപ്പാക്കണം: നരേന്ദ്ര മോദി


സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മാപ്പർഹിക്കാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതികൾ ആരുമാകട്ടെ അവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ പ്രതികൾ മാപ്പർഹിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരുകളെ ഒരിക്കൽ കൂടി ഓർമിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


കൊൽക്കത്തയിൽ പി ജി ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. മഹാരാഷ്ട്രയിൽ നടന്ന ലഖ്പതി ദീദി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.


പശ്ചിമബം​ഗാളിലെ ആർജി കർ ആശുപത്രിയിൽ യുവ ഡോക്ടറെ ക്രൂരബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഓ​ഗസ്റ്റ് ഒമ്പതിനായിരുന്നു സംഭവം. ആശുപത്രിയിലെ സെമിനാർ ഹാളിൽ വിശ്രമിക്കാനെത്തിയ യുവ ഡോക്ടറെ പ്രതിയായ സഞ്ജയ് റോയ് ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സെമിനാർ ഹാളിൽ നിന്നും അർധന​ഗ്നയായ നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ റോയിയെ പൊലീസ് പിടികൂടിയിരുന്നു.



Sharing is Caring