രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയി. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷമാണ് താൻ രാജ്ഭവനിലേക്കെത്തിയത് എന്നും ആ സമയം ഭാരതാംബയുടെ ഫോട്ടോയിൽ പൂവിട്ട് പൂജിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു എന്നും ശിവൻകുട്ടി പ്രതികരിച്ചു.
തുടർന്ന് അധ്യക്ഷ പ്രസംഗം നടത്തുമ്പോൾ ഭാരതാംബയുടെ ചിത്രം വെച്ചതിൽ ഗവർണർ ഇരിക്കെത്തന്നെ മന്ത്രി അതൃപ്തി പരസ്യമാക്കി.’പ്രോഗ്രാം നോട്ടീസിൽ പറഞ്ഞിട്ടുള്ളത് ദേശീയഗാനവും വിളക്ക് കൊളുത്തലും പ്രാർത്ഥനയും മാത്രമാണ്. ശേഷം ഞാൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. തുടർന്ന് ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തികൊണ്ട് രാജ്ഭവനും കേരള സർക്കാരും സംയുക്തമായി നടത്തുന്ന പരിപാടിയാണ് ഇതെന്നും രാഷ്ട്രീയ ചിഹ്നമോ സൂചനയോ വെച്ചുകൊണ്ടുള്ള പരിപാടി സംഘടിപ്പിക്കാൻ പാടില്ലെന്നും വ്യക്തമാക്കി. ഭാരതാംബയുടെ ചിത്രം വെച്ചതിൽ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു’; മന്ത്രി പറഞ്ഞു.

കുട്ടികളെയും കൂട്ടി തനിക്ക് അവിടെനിന്ന് ഇറങ്ങാമായിരുന്നു.എന്നാൽ താൻ അത് ചെയ്തില്ല. ഗവർണർ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.’സർക്കാരിന്റെ ശക്തമായ നിലപാട് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ സർക്കാരിന് ശക്തമായ പ്രതിഷേധമുണ്ട്. നരേന്ദ്രമോദിയുടെ ചിത്രം വെച്ചാൽ പോലും അന്തസ്സുണ്ട്. രാജഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണ്. കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്കരിച്ചു’; മന്ത്രി വ്യക്തമാക്കി.













