സോളാര്‍ കമീഷന്‍ 27നകം റിപ്പോര്‍ട്ട് നല്‍കും

വിവാദമായ സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമീഷന്‍ 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണകമീഷന്റെ കാലാവധി 27ന് അവസാനിക്കുകയാണ്. വിസ്താരങ്ങളും വാദങ്ങളും തെളിവുശേഖരണവുമെല്ലാം പൂര്‍ത്തിയായി.

2015 ജനുവരി 12ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. 216 സാക്ഷികളെ വിസ്തരിച്ചു. 893 രേഖകള്‍ കമീഷന്‍ അടയാളപ്പെടുത്തി. ഏപ്രില്‍ ആദ്യംവരെ വിസ്താരത്തിന്മേലുള്ള വാദം നീണ്ടു.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്ക് കമീഷനുമുന്നില്‍ തുടര്‍ച്ചയായ 14 മണിക്കൂര്‍ മൊഴി നല്‍കേണ്ടിവന്നു. പിന്നീട് ആറു ദിവസങ്ങളിലായി ഉമ്മന്‍ചാണ്ടിയെ പുനര്‍വിസ്തരിച്ചു. ആകെ 56 മണിക്കൂറാണ് ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ചത്. സരിത എസ് നായരെ 16 ദിവസങ്ങളിലായി 66 മണിക്കൂര്‍ വിസ്തരിച്ചു. അന്നത്തെ പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ കമീഷന് മുന്നില്‍ തെളിവ് നല്‍കി.

മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, ജോസ് കെ മാണി എംപി, മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എംഎല്‍എമാരായ പി സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, ബെന്നി ബെഹ്നാന്‍, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, രമേശ് ചെന്നിത്തല, പൊലീസ് മേധാവിയായിരുന്ന കെ എസ് ബാലസുബ്രഹ്മണ്യം, എഡിജിപി എ ഹേമചന്ദ്രന്‍, കെ പത്മകുമാര്‍ എന്നിവരെയും വിസ്തരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *