സോണിയ ഗാന്ധിക്കയച്ച കത്തിനെ കുറിച്ചുള്ള ചർച്ച ആരംഭിച്ചത് 5 മാസം മുമ്പെന്ന് റിപ്പോർട്ട്

സ്ഥിരം അധ്യക്ഷന്‍ വേണമെന്നാവശ്യപ്പെട്ട് 23 നേതാക്കൾ സോണിയ ഗാന്ധിക്ക് അയച്ച കത്തിനെ കുറിച്ചുള്ള ചർച്ച ആരംഭിച്ചത് 5 മാസം മുമ്പെന്ന് റിപ്പോർട്ട്. ശശി തരൂരിന്‍റെ വസതിയിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ കത്ത് തയ്യാറാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. നേതൃത്വത്തില്‍ തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കിലും കത്ത് പുറത്ത് വന്ന് വിവദമുണ്ടാക്കേണ്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പി.സി ചാക്കോ പറഞ്ഞു

കോൺഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് 23 മുതിർന്ന നേതാക്കള്‍ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ഉന്നയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ 5 മാസം മുൻപേ ആരംഭിച്ചിരുന്നു എന്നാണ് വിവരം. ശശി തരൂരിന്‍റെ വസതിയില്‍ ഒരുക്കിയ അത്താഴ വിരുന്നിലാണ് ചർച്ചക്ക് തുടക്കമിട്ടത്.

നേതൃത്വ പ്രതിസന്ധിയും പാർട്ടിയില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളും ചർച്ചയായതായി നേതാക്കള് പറഞ്ഞു. കത്തില്‍ ഒപ്പ് വച്ചവർക്ക് പുറമെ പി.ചിദംബരം, കാർത്തി ചിദംബരം, സച്ചിൻ പൈലറ്റ്, മണി ശങ്കർ അയ്യർ, മനു അഭിഷേക് സിങ് വി തുടങ്ങിയവരും വിരുന്നില് പങ്കെടുത്തിരുന്നു. കത്തില്‍ ഒപ്പ് വക്കാന്‍ ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് മണി ശങ്കർ അയ്യരുടെയും മനു അഭിഷേക് സിങ്‍വിയുടെയും പ്രതികരണം. അസംതൃപ്തിയാണ് മാറ്റങ്ങള്‍ക്ക് വഴിവെക്കുക എന്നും പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്നത് പാര്‍ട്ടിയെ ശക്തവും സജീവവുമാക്കുമെന്നും ചിദംബരം പ്രതികരിച്ചിരുന്നു. കത്തിലുന്നയിച്ച വിഷയങ്ങള്‍ വ്യക്തികള്‍ക്ക് എതിരല്ല പാർട്ടിയുടെ ശാക്തീകരണത്തിനാണ് എന്നാണ് ഒപ്പ് വച്ച നേതാക്കളുടെ പ്രതികരണം.

സോണിയ ഗാന്ധിക്ക് ആഗസ്റ്റ് 7നാണ് കത്തയച്ചതെന്നും നേതാക്കള്‍ പറയുന്നു. കത്തില്‍ ഒപ്പ് വച്ച നേതാക്കളായ മുകുള്‍ വാസ്നിക്, ശശി തരൂര്, കപില്‍ സിബല്‍, മനിഷ് തിവാരി എന്നിവര്‍ ഇന്നലെ രാത്രി ഗുലാം നബി ആസാദിന്‍റെ വസതിയില്‍ ഒത്തുകൂടിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *