സെമിനാറിനിടെ പാമ്പിനെ പ്രദർശിപ്പിച്ച സംഭവത്തിൽ വാവ സുരേഷിന് മുൻകൂർ ജാമ്യം

സെമിനാറിനിടെ പാമ്പിനെ പ്രദർശിപ്പിച്ച സംഭവത്തിൽ വനം വകുപ്പെടുത്ത കേസിൽ വാവ സുരേഷിന് മുൻകൂർ ജാമ്യം. കർശന ഉപാധികളോടെ ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കണമെന്നും ജനുവരി 6 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി ചോദ്യം ചെയ്യലിന് വിധേയനാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യുന്ന പക്ഷം കോടതിയിൽ ഹാജരാക്കി വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടാനും ഉത്തരവിൽ പറയുന്നു.

കോഴിക്കോട് മെഡിക്കൽ കോളജിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. ഡിഎഫ്ഒ യുടെ നിര്‍ദേശ പ്രകാരം താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാമ്പിനെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവയ്ക്കായിരുന്നു കേസെടുത്തത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോ​ഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി‌യിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായി. മൈക്കിന് പകരം പാമ്പിനെ ഉപയോ​ഗിച്ചാണ് വാവ സുരേഷ് പിന്നീട് ക്ലാസെടുത്തതെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *