സെപ്റ്റംബര്‍ 21 മുതല്‍ ഒമ്ബതു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സംശയം ചോദിക്കാന്‍ സ്‌കൂളിലെത്താം

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. സെപ്റ്റംബര്‍ 21 മുതല്‍ ഒമ്ബതു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് വേണമെങ്കില്‍ സ്‌കൂളിലെത്തി അധ്യാപകരില്‍നിന്ന് മാര്‍ഗനിര്‍ദേശം തേടാമെന്നാണ് അണ്‍ലോക് അഞ്ച് നിര്‍ദേശങ്ങളില്‍ പറഞ്ഞിരിക്കുന്നത്.

കുട്ടികളെ പ്രവേശിപ്പിക്കുകയാണെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചത്. കുട്ടികളെ സ്‌കൂളിലേക്കു വിളിച്ചു വരുത്താനാവില്ല. താത്പര്യമുള്ള കുട്ടികള്‍ക്ക് രക്ഷിതാവിന്റെ രേഖാമൂലമുള്ള അനുമതിയോടെ സ്‌കൂളില്‍ പോകാം. നോട്ട്ബുക്ക്, പേന, വെള്ളക്കുപ്പി തുടങ്ങിയവ വിദ്യാര്‍ഥികള്‍ക്കിടയില്‍ പങ്കിടുന്നത് അനുവദിക്കാതിരിക്കുക, കായിക പരിപാടികള്‍ നിരോധിക്കുക, ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിക്കുക, ഇരിപ്പിടങ്ങള്‍ തമ്മില്‍ ആറടി ദൂരം പാലിക്കുക, കുട്ടികളും അധ്യാപകരും മുഖാവരണം ധരിക്കുക, രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രം പ്രവേശിപ്പിക്കുക, കാലാവസ്ഥ അനുകൂലമെങ്കില്‍ അധ്യാപകരും കുട്ടികളും തമ്മില്‍ തുറസ്സായ സ്ഥലങ്ങളില്‍ സംവദിക്കുക, അധ്യാപകരും അനധ്യാപകരുമുള്‍പ്പെടെ 50 ശതമാനം ജീവനക്കാര്‍ മാത്രം സ്‌കൂളില്‍ ഹാജരാകുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ടുവെക്കുന്നത്.
സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയാണെങ്കില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം സ്വീകരിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *