സുരക്ഷ ശക്തമാക്കി: സ്വാതന്ത്ര്യ ദിനാഘോഷത്തിന് രാജ്യം ഒരുങ്ങി


എഴുപത്തൊന്നാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് രാജ്യം ഒരുങ്ങി. നാളെ രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


പ്രധാന നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പരിശോധനകള്‍ കര്‍ശനമാക്കി. കശ്മീര്‍ താഴ്‌വരയിലും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു.
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഴിമതി, ദാരിദ്ര്യം, വര്‍ഗ്ഗീയത, ഭീകരത, ജാതീയത തുടങ്ങിയവ ഇന്ത്യയില്‍നിന്ന് തുടച്ചുനീക്കാന്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രതിജ്ഞയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.


സ്വാതന്ത്ര്യദിനാഘോഷത്തിന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചത് ഇതിനിടെ വിവാദമായിട്ടുണ്ട്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് സര്‍വ്വ ശിക്ഷാ മിഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. സ്‌കൂളുകളില്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവെക്കാന്‍ മമത ആവശ്യപ്പെട്ടു. കേന്ദ്ര നിര്‍ദ്ദേശത്തിനനുസരിച്ച് ആഘോഷങ്ങള്‍ സംഘടിപ്പിക്കേണ്ടെന്ന് ഉത്തരവും ഇറക്കി.

സംഭവം നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു. സ്വാതന്ത്ര്യദിനാഘോഷം രാഷ്ട്രീയ അജണ്ടയല്ലെന്നും മതേതരമാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസ്സകളില്‍ ദേശീയ ഗാനം ആലപിച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിക്കണമെന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം മുസ്ലിം പുരോഹിതര്‍ രംഗത്തെത്തി. ദേശീയഗാനം ആലപിക്കുന്നത് ഇസ്ലാമിക വിരുദ്ധമെന്നാണ് പുരോഹിതരുടെ ആരോപണം. ആഘോഷത്തിന്റെ വീഡിയോ ചിത്രീകരിച്ച് സമര്‍പ്പിക്കാനും ഉത്തരവിട്ടിരുന്നു. വീഡിയോ ചിത്രീകരിക്കുന്നതും വിശ്വാസത്തിന് വിരുദ്ധമെന്നാണ് വാദം.



Sharing is Caring