കണ്ണൂര്‍: ഫസല്‍ വധവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സുബീഷിന്റെ ഫോണ്‍ സംഭാഷണം സി.ബി.ഐ പരിശോധിക്കണമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍.
സുബീഷിന്റെ പത്രസമ്മേളനത്തിലെ ശബ്ദവും, ഫോണ്‍ സംഭാഷണത്തിലെ ശബ്ദവും ഒന്നാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തെളിയുന്നതാണ്. ഷിനോജിനെ തിരുവനന്തപുരം ആറ്റിങ്ങലിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ ഒളിവില്‍ പാര്‍പ്പിക്കവേ ഫസല്‍ സംഭവത്തിലെ പങ്കാളിത്തം തന്നോട് വെളിപ്പെടുത്തിയതായി മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിഷ്ണു വഞ്ചിയൂര്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയും സി.ബി.ഐ പരിശോധിക്കണം. അപ്പോള്‍ സംഘപരിവാര്‍ നേതാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഫസല്‍ വധത്തിലെ ഉള്ളറകള്‍ കൂടുതല്‍ വ്യക്തമാകുമെന്നും ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കേന്ദ്രഭരണകക്ഷിയുടെ കൂട്ടിലിട്ട തത്തയായി സി.ബി.ഐ മാറരുത്. ആര്‍.എസ്.എസ് നടത്തിയ കൊലപാതക കേസിലാണ് കാരായി രാജന്‍ ഉള്‍പ്പെടെയുളള സി.പി.എം നേതാക്കള്‍ പ്രതികളായിട്ടുള്ളത്.
നാലരവര്‍ഷത്തിലധികമായി നാട്ടില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയിലാണ് രണ്ട് പാര്‍ടി നേതാക്കള്‍. അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള സമീപനം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കണമെങ്കില്‍ അന്വേഷണ ഏജന്‍സി ശരിയായ നിലപാട് കൈക്കൊള്ളണം.
വര്‍ഗീയ കലാപങ്ങളും കൊലകളും ആസൂത്രണം ചെയ്യുകയും, അത് മറ്റുള്ളവരുടെ ചുമലിലിട്ട് രക്ഷപ്പെടാനുമുള്ള ആര്‍.എസ്.എസ് തന്ത്രമാണ് അന്വേഷണ ഏജന്‍സിയെ സ്വാധീനിച്ചുകൊണ്ട് ഫസല്‍ കേസില്‍ നടത്തുന്നതെന്നും അദ്ദേഹം പറയുന്നു













