സുപ്രിം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപും: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ 2016-17 കാലയളവില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന സുപ്രിം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും. കോടതി വിധിയെ തുടര്‍ന്നുണ്ടായിരിക്കുന്ന ഭരണഘടനാ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതാകും പ്രധാനമായും ചര്‍ച്ച ചെയ്യുക. അതേസമയം, ബില്‍ സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും. ബില്ലില്‍ ഗവര്‍ണര്‍ എന്ത് നടപടി കൈക്കൊള്ളും എന്നത് നിര്‍ണായകമാണ്.

സുപ്രിം കോടതി വിധി പ്രതികൂലമായെങ്കിലും മെഡിക്കല്‍ ബില്ലുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. കോടതി വിധിയിലെ പരാമര്‍ശങ്ങളടങ്ങിയ കുറിപ്പോട് കൂടിയാകും ആരോഗ്യവകുപ്പ് ബില്‍ ഗവര്‍ണര്‍ക്ക് കൈമാറുക. ഗവര്‍ണര്‍ക്ക് ബില്‍ ഒന്നുകില്‍ ഒപ്പിടുകയോ അല്ലെങ്കില്‍ തിരിച്ചയ്ക്കുകയോ ചെയ്യാം. തിരിച്ചയച്ചാലും നിയമസഭയ്ക്ക് പ്രത്യേക അധികാരം ഉപയോഗിച്ച്‌ വീണ്ടും അയക്കാം. അങ്ങനെ വന്നാല്‍ ബില്ലില്‍ ഒപ്പിടുകയല്ലാതെ ഗവര്‍ണര്‍ക്ക് മറ്റുവഴിയില്ല.

വിദ്യാര്‍ത്ഥികളുടെ പ്രവേശനം സാധുവാക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് സുപ്രിം കോടതി റദ്ദാക്കിയിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലാത്തതിനാല്‍ ഓര്‍ഡിനന്‍സ് നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌റ്റേ ചെയ്തത്. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഏപ്രില്‍ എട്ടിന് മുന്‍പ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടില്ലെങ്കില്‍ ബില്ലും ഓര്‍ഡിനന്‍സും നിലവിലുണ്ടാകാത്ത അവസ്ഥയാണ് സംജാതമാകുന്നത്. ഏപ്രില്‍ നാലിനാണ് നിയമസഭ മെഡിക്കല്‍ ബില്‍ പാസാക്കിയത്.

നിയമസഭ സമ്മേളിക്കാത്ത കാലയളവില്‍ ഒരു നടപടിക്ക് നിയമസാധുത നല്‍കുന്നതിനാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ആറുമാസമാണ് ഓര്‍ഡിനന്‍സിന്റെ കാലാവധി. ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാല്‍ നിയമസഭ ചേര്‍ന്ന് 42 ദിവസത്തിനകം ബില്‍ പാസാക്കി ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാകണം. അതല്ലെങ്കില്‍ ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കണം. ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്തിരിക്കുന്നതിനാല്‍ അത് ഇനി സാധ്യമല്ല.

ഫെബ്രുവരി 26 നാണ് സഭാ സമ്മേളനം തുടങ്ങിയത്. ഏപ്രില്‍ എട്ടിന് 42 ദിവസം തികയും. ഇനി മൂന്ന് ദിവസമാണ് അവശേഷിക്കുന്നത്. അതിനിടയ്ക്ക് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സിന്റെ സ്വാഭാവിക കാലാവധി കഴിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *