സുനന്ദ പുഷ്കറുടെ മരണകാരണം വിഷം ഉള്ളില്‍ ചെന്ന്; ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15 പരിക്കുകളും

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണത്തിന് കാരണം വിഷം അകത്ത് ചെന്നതാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 15 പരിക്കുകള്‍ കണ്ടെത്തിയെന്നും ഡല്‍ഹി പൊലീസ്. സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പ്രത്യേക കോടതി ജഡ്ജി അജയ് കുമാര്‍ കുഹാറിന് അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ശശി തരൂരില്‍ നിന്നും സുനന്ദ പുഷ്കര്‍ പീഡനം നേരിട്ടിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. തരൂരുമായുള്ള ബന്ധത്തില്‍ സുനന്ദ പുഷ്കര്‍ മാനസിക അസ്വസ്ഥത അനുഭവിച്ചിരുന്നു. തരൂരിനെതിരെ ഭര്‍തൃപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.ഇരുവരും തമ്മിലുള്ള വാക്കേറ്റം സ്ഥിരമായതിനെ തുടര്‍ന്ന് സുനന്ദ പുഷ്കര്‍ അസ്വസ്ഥയായിരുന്നെന്നും മാനസിക വേദന അനുഭവിച്ചിരുന്നെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയെ അറിയിച്ചു. പാക് പത്രപ്രവര്‍ത്തക മെഹര്‍ താരറുമായുള്ള തരൂരിന്‍െറ ബന്ധവും സുനന്ദക്ക് വിഷമമുണ്ടാക്കി. ഇരുവരും തമ്മിലെ ബന്ധം പിരിമുറുക്കം നിറഞ്ഞതും മോശം അവസ്ഥയിലുമായിരുന്നു.

‘എന്റെ പ്രിയപ്പെട്ടവള്‍’ എന്ന് അഭിസംബോധന ചെയ്ത് തരൂര്‍ മെഹര്‍ തരാറിന് അയച്ച ഇ-മെയില്‍ കണ്ടെത്തിയെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. “ഇത്തരത്തിലുള്ള ഭാഷയാണ് തരൂര്‍ ഉപയോഗിച്ചിരുന്നത്. തരൂറും തരാറും തമ്മില്‍ എത്ര അടുപ്പമുള്ളവരായിരുന്നുവെന്ന് കാണിക്കുന്ന എഴുത്തുകള്‍ വേറെയുമുണ്ടെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

സുനന്ദ പുഷ്കറുടെ സുഹൃത്തും പത്രപ്രവര്‍ത്തകയുമായ നളിനി സിങ്ങിന്‍െറ പ്രസ്താവനയും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഇത് കുറ്റപത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. തരൂരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്‌വ ആരോപണങ്ങള്‍ നിഷേധിച്ചു. അത്തരം ഒരു ഇ-മെയിലിനെക്കുറിച്ച്‌ അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസിലെ അടുത്ത വാദം ആഗസ്റ്റ് 31 ന് കേള്‍ക്കും. കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ് തരൂര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *