സുനന്ദ പുഷ്കറിന്റെ മരണം: സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കാനഡയുടെ സഹായം തേടി

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡല്‍ഹി പൊലീസ് കാനഡ സര്‍ക്കാരിന്റെ സഹായം തേടുന്നു. തരൂരിന്റെയും സുനന്ദയുടെയും ബ്ലാക്ക്ബറി മൊബൈല്‍ ഫോണുകളില്‍ നിന്നു നീക്കംചെയ്ത സന്ദേശങ്ങള്‍ (എസ്‌എംഎസ്) വീണ്ടെടുക്കുന്നതിനാണിത്.
ബ്ലാക്ക്ബറി ഫോണിലെ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. കമ്ബനിയുടെ സഹായത്തോടെ അതു വീണ്ടെടുത്ത് അറിയിക്കാനാണു കാനഡയിലെ നീതി വകുപ്പിനോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക നളിനി സിങ് പൊലീസിനു നല്‍കിയ മൊഴിയില്‍ പാക്കിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിനുള്ള ബന്ധം പരാമര്‍ശിച്ചിരുന്നു.

മെഹറും തരൂരുമായി ചില സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നു സുനന്ദ പറഞ്ഞതായി നളിനി മൊഴിനല്‍കിയിരുന്നു.ഈ സന്ദേശങ്ങളൊന്നും തരൂരിന്റെ ഫോണിലില്ലെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍, എസ്‌എംഎസ് സന്ദേശം സംബന്ധിച്ച അന്വേഷണം ഇത്രയും വൈകിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിനു മാത്രം ഡല്‍ഹി പൊലീസ് ഉത്തരം നല്‍കുന്നില്ല. 2014 ജനുവരി 17നു വൈകിട്ട് ചാണക്യപുരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണു സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നു കണ്ടെത്തി ഒരുവര്‍ഷത്തിനു ശേഷമാണു ഡല്‍ഹി പൊലീസ് കേസെടുത്തത്. ആന്തരിക അവയവങ്ങളുടെ അവശിഷ്ടങ്ങള്‍ യുഎസിലെ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (എഫ്ബിഐ) കൊടുത്തിരുന്നു. പൊളോണിയം വിഷം ഉള്ളിയില്‍ ചെന്നല്ല മരണമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ എഫ്ബിഐ ഡല്‍ഹി പൊലീസിനു നല്‍കിയ മറുപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *