നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കളുടെ ശ്രമം തുടരുന്നു. ഇടഞ്ഞുനിൽക്കുന്ന കെ സുധാകരനുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഫോണിൽ സംസാരിച്ചു. കേരളത്തിലെ നേതാക്കൾ വസതിയിൽ എത്തി ആവശ്യപ്പെട്ടത് പ്രകാരമാണ് ഖർഗെ സുധാകരനോട് സംസാരിച്ചത്.
എംപിമാർക്ക് സീറ്റില്ല എന്നതാണ് ഹൈക്കമാൻഡ് തീരുമാനമെങ്കിലും മത്സരിക്കും എന്ന കാര്യത്തിൽ സുധാകരൻ ഉറച്ചുനിൽക്കുക തന്നെയാണ്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണം എന്നതാണ് തന്റെ നിലപാട് എന്ന് ഇന്നും സുധാകരൻ ദേശീയ നേതൃത്വത്തെ അറിയിക്കും. സ്ഥാനാർത്ഥിത്വ ആവശ്യത്തിൽ നിന്ന് പിന്മാറാൻ, സുധാകരൻ നിർദേശിക്കുന്ന ആളെ സ്ഥാനാർത്ഥിയാക്കാം എന്ന ഫോർമുല ദേശീയ നേതൃത്വം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ സുധാകരൻ മറ്റാരെയും നിർദ്ദേശിക്കില്ല. സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ പ്രചാരണരംഗത്ത് നിന്നും മാറിനിൽക്കാനും സുധാകരൻ ആലോചിക്കുന്നുണ്ട്.

സീറ്റ് ചര്‍ച്ചകള്‍ക്കായി സുധാകരന്‍ ഡല്‍ഹിയിലെത്തിക്കഴിഞ്ഞു. ഹൈക്കമാന്‍ഡിന്റെ അനുനയത്തിന് സുധാകരന്‍ വഴങ്ങുമോയെന്നത് വൈകാതെ അറിയാം. സുധാകരന്‍ കലാപക്കൊടി ഉയര്‍ത്തിയാല്‍ കേരത്തിലാകെ പ്രത്യേകിച്ചും മലബാറില്‍ അത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരിലും ഇത് പ്രതിഫലിക്കും. കെ കെ ശൈലജയെ സിപിഐഎം കളത്തിലിറക്കിയതോടെ കനത്ത തെരഞ്ഞെടുപ്പ് പോരിലേക്കാണ് പേരാവൂര്‍ നീങ്ങുന്നത്.













